എഐ ക്യാമറകള്‍ക്ക് മുന്നില്‍ ജൂണ്‍ 5ന് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind Webdesk
Saturday, June 3, 2023

 

തിരുവനന്തപുരം: എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജൂണ്‍ 5ന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. വൈകുന്നേരം 4 മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 726 അഴിമതി ക്യാമറകള്‍ക്ക് മുന്നിലും ധര്‍ണ്ണ സംഘടിപ്പിക്കും.

ധർണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി കണ്ണൂരില്‍ നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്‍റുമാരായ രമേശ് ചെന്നിത്തല, എം.എം ഹസന്‍, കെ മുരളീധരന്‍ എംപി തുടങ്ങിയവരും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിന്‍റുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ നടക്കുന്ന ധര്‍ണ്ണയില്‍ പങ്കെടുക്കും. എഐ ക്യാമറ ഇടപാടിലെ അഴിമതിക്കെതിരെ തെളിവുസഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്നും ടി.യു രാധാകൃഷ്ണന്‍ പറഞ്ഞു.