വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. അതേസമയം, ഇന്നു മുതൽ ടോൾ പ്ലാസകളിൽ ഫാസ് ടാഗ് ഏർപ്പെടുത്താനുള്ള തീരുമാനം ഡിസംബർ 15 ലേക്ക് നീട്ടിയത് യാത്രക്കാർക്ക് ആശ്വാസമായി.
മുൻ യുഡിഎഫ് സർക്കാർ പ്രദേശവാസികളുടെ വാഹനങ്ങൾക്ക് അനുവദിച്ച സൗജന്യ പാസ് തുടരുക, അടച്ചു കെട്ടിയ സമാന്തര പാത തുറക്കുക, സർവീസ് റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ചാലക്കുടി അടിപാതയുടെയും പുതുക്കാട് മേൽപ്പാലത്തിന്റെയും നിർമാണം തുടങ്ങുക, പുതുക്കാട്- ആമ്പല്ലൂർ സിഗ്നലുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുക എന്നീ ആവശ്യങ്ങളും കോൺഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ട്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സമര പരിപാടി ബെന്നി ബഹന്നാൻ എം പി ഉദ്ഘാടനം ചെയ്തു.
ടി എൻ പ്രതാപൻ എം പി സമര പ്രഖ്യാപനം നടത്തി. മുൻ മന്ത്രി കെ പി വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റോജി എം ജോൺ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. അതേ സമയം ടോൾ പ്ലാസകളിൽ ഇന്നു മുതൽ ഏർപ്പെടുത്താനിരുന്ന ഫാസ് ടാഗ് സംവിധാനം ഡിസംബർ 15 ലേക്ക് നീട്ടിയത് ആശ്വാസമായി.
എന്നാൽ വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടപ്പാക്കുന്ന ഫാസ് ടാഗ് നയം ടോൾ പ്ലാസകള സംഘർഷ ഭരിതമാക്കുമെന്നാണ് പോലീസ് റിപ്പോർട്ട്.