കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പൂർത്തിയായി, വോട്ടെണ്ണല്‍ ബുധനാഴ്ച

 

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. എഐസിസിയിൽ 100 ശതമാനവും കേരളത്തിൽ 95.66 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. മല്ലികാർജുന്‍ ഖാർഗെയും ശശി തരൂരുമാണ് മത്സരിച്ചത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.

സോണിയാ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും എഐസിസി ആസ്ഥാനത്തും രാഹുൽ ഗാന്ധി ബെല്ലാരിയിലും വോട്ട് ചെയ്തു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഡല്‍ഹിയിലെ പിസിസി ആസ്ഥാനത്ത് വോട്ട് ചെയ്തു. മല്ലികാർജുൻ ഖാർഖെ കർണാടകയിലും ശശിതരൂർ തിരുവനന്തപുരത്തും വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് സംഘടനയെ ശക്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്‍റണി പ്രതികരിച്ചു. അഭിമാനകരമായ മുഹൂർത്തമെന്ന്  എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പറഞ്ഞു. കേരളത്തിൽ 95.66 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കം കെപിസിസിയിൽ എത്തി വോട്ട് രേഖപ്പെടുത്തി. പത്തുമണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ഉച്ചയ്ക്ക് മുമ്പ് തന്നെ 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി.  കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 287 പേർ വോട്ട് രേഖപ്പെടുത്തി. 310 പേർക്കാണ് കേരളത്തിൽ വോട്ടവകാശം ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ മരണപ്പെട്ടു. ഏഴു പേർ സംസ്ഥാനത്തിന് പുറത്ത് വോട്ട് രേഖപ്പെടുത്തി. 12 പേർ തെരഞ്ഞെടുപ്പിന് എത്തില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. 95.66 ശതമാനം പോളിംഗ് കേരളത്തിൽ രേഖപ്പെടുത്തി.

കെപിസിസി ആസ്ഥാനത്തായിരുന്നു കേരളത്തിലെ വോട്ടെടുപ്പ് . ബാലറ്റ് പേപ്പറിൽ ടിക് മാർക്ക് ചെയ്തായിരുന്നു വോട്ടെടുപ്പ്. കെപിസിസി യിൽ നിന്ന് നൽകിയ ഐഡി കാർഡ് ഉപയോഗിച്ചായിരുന്നു വോട്ട്.  രണ്ട് പോളിംഗ് സ്റ്റേഷനുകളിലായി സ്ഥാനാർത്ഥികളുടെ 4 പോളിംഗ്ഏജന്‍റ് ഉണ്ടായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ള ഉൾപ്പെടെയുള്ളവർ വോട്ടിംഗിന് എത്തി. മുതിർന്ന കോൺഗ്രസ് നേതാവ് തമ്പാനൂർ രവിയായിരുന്നു ആദ്യ വോട്ടർ.

Comments (0)
Add Comment