മുസ്ലിം ലീഗിനും കെ.എം.സി.സിക്കും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്‍റെയും അഭിനന്ദനം

Jaihind Webdesk
Saturday, January 12, 2019

ദുബായില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മഹാസമ്മേളനം ചരിത്രസംഭവമാക്കി മാറ്റുന്നതില്‍ മുസ്ലിം ലീഗും മുസ്ലിം ലീഗിന്‍റെ പ്രവാസി സംഘടനയായ കെ.എം.സി.സിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയനേതൃത്വവും അഭിനന്ദനം അറിയിച്ചു.

ദുബായ് മഹാസംഗമം വിജയിപ്പിക്കുന്നതിന് കെ.എം.സി.സി പ്രവര്‍ത്തകരും മുസ്ലിം ലീഗിന്‍റെ സംസ്ഥാന നേതൃത്വവും ആത്മാര്‍ഥമായ ശ്രമങ്ങളാണ് നടത്തിയതെന്ന് എ.ഐ.സി.സി നേതൃത്വം വ്യക്തമാക്കി. ഈ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ വാക്കുകള്‍ സംഗമത്തിന് ആവേശം വര്‍ധിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് നേതൃത്വം എടുത്തുപറയുന്നു. ഒപ്പം കേരളത്തില്‍ നിന്ന് എത്തിയ കോണ്‍ഗ്രസ് നേതാക്കളെയും ഒ.ഐ.സി.സി പ്രവര്‍ത്തകരെയും രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി നേതൃത്വവും അഭിനന്ദിച്ചു.

മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും സാന്നിധ്യം നിര്‍ണായക സ്വാധീനമാണ് മഹാസംഗമത്തിന് നല്‍കിയതെന്നും എ.ഐ.സി.സി നേതൃത്വം വിലയിരുത്തുന്നു.