അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പാർലമെന്‍റിന് മുന്നില്‍ കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം

Jaihind News Bureau
Monday, March 2, 2020

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന് മുന്നില്‍ കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം. നിരവധി പേരുടെ ജീവനും സ്വത്തിനും വ്യാപക നാശനഷ്ടത്തിനും കാരണമാക്കിയ ഡല്‍ഹി കലാപം നിയന്ത്രിക്കുന്നതില്‍ ആഭ്യന്തരമന്ത്രാലയത്തിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു എം.പിമാരുടെ പ്രതിഷേധം.

42 പേർ കൊല്ലപ്പെട്ട ഡൽഹി കലാപം നിയന്ത്രിക്കുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച പറ്റിയെന്നും വേണ്ടത്ര നടപടികൾ പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും ആരോപിച്ചാണ് പ്രതിപക്ഷം ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടത്.

പാര്‍ലമെന്‍റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള ബാനറുമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചത്. നേരത്തെ സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും രണ്ട് മണി വരെ നിർത്തിവെച്ചു.