രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

Jaihind Webdesk
Tuesday, May 7, 2019

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കോൺഗ്രസ് എം.പി സുഷ്മിത ദേവാണ് മോദിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ഹർജി നൽകിയത്.

തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ മോദി വിവാദ പരാമര്‍ശം നടത്തിയത്. റഫാലിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലും അഴിമതിയും സംബന്ധിച്ച ആരോപണങ്ങളാണ് മോദിയെ ചൊടിപ്പിച്ചത്. മോദിയുടെ പരാമര്‍ശത്തിനെതിരെ രാജ്യമെങ്ങും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച രാജീവ് ഗാന്ധിയെപ്പോലെ ഒരാളിനെതിരെ മോദി നടത്തിയ അസത്യവും അപകീര്‍ത്തികരവുമായ പരാമർശം തീര്‍ത്തും തരംതാഴ്ന്നതായി എന്നാണ് പൊതുസമൂഹം വിലയിരുത്തുന്നത്.

മോദിയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നടത്തിയിട്ടും പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകുന്നില്ലെന്നും ഹർജിയിൽ കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും.