ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നാളെ അറിയാം. ഡൽഹിയിലായിരിക്കും മുഖ്യമന്ത്രിമാരെ സംബന്ധിച്ച് തീരുമാനമുണ്ടാവുക. മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായി.
മധ്യപ്രദേശിൽ വൈകുന്നേരത്തോടെ എഐസിസി നിരീക്ഷകനായ എ.കെ ആന്‍റണി എത്തി. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു പാർലമെന്‍ററി പാർട്ടി യോഗം ചേർന്നത്. കമൽനാഥിനെയും ജ്യോതിരാദിത്യ സിന്ധ്യയേയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എ.കെ ആന്‍റണി നാളെ കാര്യങ്ങൾ രാഹുൽഗാന്ധിയെ ധരിപ്പിക്കും.
രാജസ്ഥാനിൽ കെ.സി വേണുഗോപാലിന്‍റെയും അവിനാശ് പാണ്ഡേയുടേയും നേതൃത്വത്തിലായിരുന്നു നിയമസഭ കക്ഷി യോഗം. അശോക് ഗലോട്ടോ സച്ചിൻ പൈലറ്റോ രാജസ്ഥാൻ മുഖ്യമന്ത്രിയാകും. നാളെ തന്നെ ഇതുസംബന്ധിച്ച തീരുമാനം ഡൽഹിയിലുണ്ടാകും.
ഛത്തീസ്ഗഡിൽ എംഎൽഎമാർക്കെല്ലാം ഒരേ അഭിപ്രായമാണെന്നും മുഖ്യമന്ത്രിയെ രാഹുൽ തീരുമാനിക്കുമെന്നും സംസ്ഥാനത്ത് എഐസിസി നിരീക്ഷകനായി എത്തിയ മല്ലികാർജുൺ ഖാർഗെ പറഞ്ഞു. അതിനാൽ തന്നെ 3 മുഖ്യമന്ത്രിമാരെ സംബന്ധിച്ച് ഇനി എല്ലാ കണ്ണുകളും രാഹുൽഗാന്ധിയിലേക്കായിരിക്കും നീളുക. അതേസമയം തെരഞ്ഞെടുപ്പ് വിജയം ബിജെപിയുടെ ജനവിരുദ്ധ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് സോണിയഗാന്ധി പ്രതികരിച്ചു.