പാവങ്ങളെ പിഴിഞ്ഞ് സി.പി.എമ്മിന്റെ മതില്‍; വനിതാമതിലിനുവേണ്ടി പെന്‍ഷനിലും കൈയിട്ടുവാരല്‍

Jaihind Webdesk
Tuesday, December 25, 2018

വൃദ്ധരായവരെയും രോഗികളെയും വികലാംഗരാവയവരെയും പിഴിഞ്ഞ് സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതില്‍ നിര്‍മ്മാണം. ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന തുച്ഛമായ പെന്‍ഷന്‍ തുകയില്‍ നിന്നാണ് നൂറുരൂപയുടെ കടുംവെട്ട്. പാര്‍ട്ടി പ്രവര്‍ത്തകരും സഹകരണ ബാങ്കുകള്‍ ചുമതലപ്പെടുത്തിയവരും വീടുകള്‍തോറും കയറിയിറങ്ങി നിര്‍ബന്ധിത പിരിവ് നടത്തുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ പെന്‍ഷന്‍ തുകയില്‍ നിന്നും പണപ്പിരിവ് നടത്തുന്നത്. ആരോടും ചോദിക്കാതെയും പറയാതെയുമാണ് പെന്‍ഷന്‍ തുകയില്‍ നിന്നും നൂറുരൂപ പിരിച്ചെടുക്കുന്നത്. പിന്നീട് ഒരു രസീതും കൊടുത്ത് ഈ പാവങ്ങളെ പറഞ്ഞയക്കും. വനിതാമിതിലിന്റെ കൂപ്പണ്‍ നല്‍കിയാണ് നിര്‍ധനയായ ഇവരില്‍ നിന്ന് നൂറുരൂപ വാങ്ങിരിക്കുന്നത്. നവോത്ഥാന മൂല്യ സംരക്ഷണസമിതി പുതുശേരി ഏരിയാ കമ്മിറ്റി എന്ന പേരില്‍ അച്ചടിച്ച കൂപ്പണ്‍ നല്‍കിയാണ് പണപ്പിരിവ്.

ക്ഷേമപെന്‍ഷന്‍ വിതരണം സഹകരണബാങ്കുകള്‍ മുഖേനയായതിനാല്‍ ബാങ്ക് ചുമതലപ്പെടുത്തിയവരാണ് പെന്‍ഷന്‍ വിതരണത്തിനൊപ്പം വനിതാമതില്‍ സംഘാടനത്തിനും പണം പിരിക്കുന്നത്. പണപ്പിരിവിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമില്ലാത്ത സാഹചര്യത്തില്‍ ഏതൊക്കെ സംഘടനകള്‍ എവിടൊക്കെ പണം പിരിക്കുന്നുെവന്ന് ആര്‍ക്കുമറിയില്ല.
പുതുശേരി പഞ്ചായത്തില്‍ മാത്രം 5100 പേരാണ് ക്ഷേമപെന്‍ഷന്‍ നേരിട്ടു വാങ്ങുന്നത്. ഇവരില്‍ നിന്ന് 100 രൂപ വീതം ഈടാക്കിയാല്‍ തുക അഞ്ചുലക്ഷത്തി പതിനായിരമായി. ഇങ്ങനെ ഓരോ പഞ്ചായത്തുകളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം എവിടെ ചെലവഴിച്ചുവെന്ന് സര്‍ക്കാര്‍ കണക്ക് പറയണം.