തിരുവനന്തപുരം: സിപിഎം കൗണ്‍സിലര്‍ വയോധികയെ വഞ്ചിച്ച് പണവും ആഭരണവും സ്ഥവും കൈക്കലാക്കിയതായി പരാതി. തവരവിള വാർഡ് കൗണ്‍സിലര്‍ സുജിനും ഭാര്യ ഗീതുവിനും എതിരെയാണ് പരാതി. തനിച്ച് താമസിക്കുന്ന വയോധികയുടെ പന്ത്രണ്ടര സെന്‍റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തതിനാണ് നെയ്യാറ്റിൻകര നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ക്കും ഭാര്യയ്ക്കും എതിരെ കേസ്. വയോധികയെ സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടെ അവരുടെ വീട്ടില്‍ താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. മാരായമുട്ടം പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും മരണത്തോടെയാണ് ബേബി ഒറ്റയ്ക്കായത്.
78 കാരിയായ അവിവാഹിതയായ ബേബി തനിച്ച് താമസിക്കുന്നു എന്ന് മനസ്സിലാക്കിയ സുജിന്‍ ഭാര്യയ്ക്കും കുട്ടിക്കും ഭാര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം 2021 ഫെബ്രുവരി മുതല്‍ ഈ വീട്ടില്‍ താമസം തുടങ്ങുകയായിരുന്നു. സൗഹൃദം നടിച്ച് നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ ബേബിയെ എത്തിച്ച് പന്ത്രണ്ടര സെന്‍റ് ഭൂമി ഭാര്യ ഗീതുവിന്‍റെ പേരിലേക്ക് സുജിന്‍ എഴുതി മാറ്റിയെന്നും ഒപ്പം താമസിക്കുന്നതിനിടെ പല തവണയായി രണ്ട് ലക്ഷം രൂപയും സജിനും ഗീതുവും ചേർന്ന് കൈക്കലാക്കി. അലമാരയില്‍ സൂക്ഷിച്ച മാലയും വളയും കമ്മലുമെല്ലാം സുജിന്‍റെ ഭാര്യ ഗീതു ഉപയോഗിക്കുകയും പിന്നീട് ഇതിൽ പലതും പണയം വെക്കുകയും ചെയ്തതായി ബേബി പറയുന്നു. ചിലത് വില്‍ക്കുകയും ചെയ്തു. എട്ടുമാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞ് എല്ലാവരും കൂടി പോയി പിന്നെ തിരിച്ചുവന്നില്ലെന്നും സ്വര്‍ണവും കൊടുത്തില്ലെന്നും ബേബി പറഞ്ഞു.
സുജിന്‍റെ രാഷ്ട്രീയ സ്വാധീനം കാരണം ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ടെന്നും വയോധിക പറയുന്നുണ്ട്. അതേസമയം ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് സിപിഎം കൗണ്‍സിലര്‍ സുജിന്‍ പ്രതികരിച്ചു.