പ്രവാസികളെ മാതൃരാജ്യത്തിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ല : ഐക്യ രാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിക്ക് മുന്നില്‍ പരാതി; മടക്കയാത്രാ വിവാദം ‘രാജ്യാന്തര’ തലത്തിലേക്ക് !

B.S. Shiju
Wednesday, April 22, 2020

ദുബായ് :  കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇ ഉള്‍പ്പടെയുള്ള, വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മടക്കയാത്ര സംബന്ധിച്ച നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് , ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിക്ക് പരാതി സമര്‍പ്പിച്ചു. ഇതോടെ, പ്രവാസികളുടെ യാത്രാ വിവാദം കൂടുതല്‍ ലോക ശ്രദ്ധ നേടുകയാണ്.

ദുബായിലെ  യുണൈറ്റഡ് പി.ആര്‍.ഒ അസോസിയേഷനാണ്, ( യു പി എ ) ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിക്ക് പരാതി സമര്‍പ്പിച്ചത്. ഇതോടെ, പ്രവാസികളുടെ യാത്രാ വിവാദം കടല്‍ കടന്ന് കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. യു.എ.ഇയില്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ കഴിയുന്ന  പൗരന്മാരുടെ മൗലികാവകാശങ്ങള്‍ മാനിക്കാന്‍ ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തതിനാലാണ് ഈ നീക്കം. പ്രവാസി സമൂഹത്തിന്‍റെ, പേരില്‍  സംഘടനയ്ക്കു വേണ്ടി വൈസ് പ്രസിഡന്‍റ് റിയാസ്  കില്‍ട്ടന്‍ പരാതി സമര്‍പ്പിച്ചു.

കേന്ദ്ര സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാട് വ്യക്തമായ മനുഷ്യാവകാശ ലംഘനവും രാജ്യാന്തര കണ്‍വെന്‍ഷനുകളുടെ തീരുമാനത്തിനു വിരുദ്ധവും ആണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പ്രയാസങ്ങളും നാട്ടിലേക്ക് മടങ്ങാനുള്ള യാത്രക്ലേശവും പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ ഇന്ത്യയില്‍ നിന്നും തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത്, ജര്‍മ്മനി, ഫ്രാന്‍സ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഒറ്റപ്പെട്ട വിദേശ പൗരന്മാരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാനും ഇന്ത്യയിലെ സര്‍ക്കാര്‍ മുന്‍കൈയെടുത്തു. എന്നാല്‍, വിദേശങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ പ്രവാസികളെ, സ്വന്തം മാതൃരാജ്യത്തിലേക്ക് തിരികെ കൊണ്ടുവരുവാനാവില്ല എന്ന നിലപാടാണ് , മനുഷ്യാവകാശ സമിതിയില്‍ ഇവര്‍ ചോദ്യം ചെയതത്.

ഈ വിഷയത്തില്‍ എത്രയും വേഗം ഇടപെടാനും നിര്‍ണായക നടപടിയെടുക്കാന്‍ ഇന്ത്യന്‍ ഉന്നത അധികാരികളുമായി ചര്‍ച്ച നടത്താനും അസോസിയേഷന്‍ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയോട് അഭ്യര്‍ത്ഥിച്ചു.  യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരിലെ വൃദ്ധര്‍, രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റ് വിസയില്‍ വന്നവര്‍ തുടങ്ങിയ വിഭാഗങ്ങളെ നാട്ടിലെത്തിക്കുന്നതില്‍  കാലതാമസം വരുത്തുന്നത് ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഗുരുതര  പ്രത്യാഘാതം ഉണ്ടാക്കിയേക്കാം. അതിനാല്‍,  പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ലക്ഷ്യത്തില്‍ പരിഹാരം കണ്ടെത്തും വരെ, നടപടി തുടരുമെന്നു പ്രസിഡന്റ് സലീം ഇട്ടമ്മല്‍ , ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

ലീഗല്‍ ഡോക്യൂമെന്റഷന്‍  പ്രഫഷണലുകളുടെ യുഎഇയിലെ രജിസ്‌ട്രേഡ് സംഘടനയായ യുണൈറ്റഡ് പി.ആര്‍.ഒ അസോസിയേഷന്‍ , കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച് വരുകയാണ്.  ഹെല്‍പ് വിങ്  ലീഡര്‍ നസീര്‍ വാടാനപ്പള്ളി, കരീം വലപ്പാട് എന്നിവര്‍ ഇതിന് നേതൃത്വം നല്‍കുന്നു. ജനറല്‍ സെക്രട്ടറി അജിത് ഇബ്രാഹിം, സെക്രട്ടറി മുജീബ് മപ്പാട്ടുകര തുടങ്ങിയവരുടെ നേതൃത്വത്തില്‍ ദുബായ് അല്‍ വര്‍സാനിലെ കൊറോണ ഐസൊലേഷന്‍ കേന്ദ്രത്തിലും ഇവര്‍ പങ്കാളികാണ്. ദെയ്‌റ നായിഫ്  ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണ കിറ്റ് വിതരണത്തിനും നിയമോപദേശത്തിനും ട്രഷറര്‍ മുഹ്സിന്‍ കാലിക്കറ്റ്, ഗഫൂര്‍ പൂക്കാടന്‍ തുടങ്ങിയവരും നേതൃത്വം നല്‍കുന്നു. ഇതിനിടെ, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ ഭാഗത്തു നിന്ന് ഈ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ അത്, കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയും പ്രവാസികള്‍ക്ക് വലിയ ആശ്വാസവും നേട്ടവുമാകും.