പെന്‍ഷന്‍ നല്‍കി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി ; കളക്ടര്‍ വരണാധികാരിയോട് റിപ്പോര്‍ട്ട് തേടി

Jaihind Webdesk
Wednesday, March 31, 2021

 

ആലപ്പുഴ : കായംകുളത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആലപ്പുഴ കളക്ടര്‍ വരണാധികാരിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കായംകുളം മണ്ഡലംകമ്മിറ്റിയുടെ പരാതിയിലാണ് നടപടി. അതേസമയം വീട്ടിലെത്തിയ റിട്ടേണിങ് ഓഫീസര്‍ മാധ്യമങ്ങള്‍ ഉള്ളതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാതെ മടങ്ങി.

തപാല്‍ വോട്ടിന് ആളെത്തിയപ്പോള്‍ പെന്‍ഷന്‍ നല്‍കാനും ആളെത്തിയതാണ് വിവാദത്തിന് കാരണം.  കായംകുളം മണ്ഡലത്തിലെ 77-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ക്കാണ് വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയത്. ഇത് കൃത്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് യുഡിഎഫ് ആരോപിച്ചു.  2 മാസത്തെ പെന്‍ഷനാണ് നല്‍കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പെന്‍ഷന്‍ തുക കൂടുതല്‍ ലഭിക്കുമെന്ന് പെന്‍ഷന്‍ കൈമാറുന്ന ആള്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.