കൊവിഡ്-19 പ്രതിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഭാവന തേടി സര്‍ക്കാര്‍. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ സംഘടനയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇത്തവണ പരസ്യമായ ആവശ്യപ്പെടലോ വിസമ്മതപത്രം ആവശ്യപ്പെടലും ഉണ്ടാകില്ല.
കൊവിഡ്-19 പടർന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇതൊരു ദുരന്തമായി പ്രഖ്യാപിച്ചതോടെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത് സർക്കാരിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സര്‍ക്കാർ ഇക്കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് ജീവനക്കാരുടെ സഹായം തേടിയിരിക്കുന്നത്.
മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേര്‍ത്ത സർവീസ് സംഘടനാ നേതാക്കന്മാരുടെ യോഗത്തിലാണ് പുതിയ നിർദേശം മുന്നോട്ടു വെച്ചത്. സൗജന്യ റേഷൻ വിതരണത്തിനും മറ്റ് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിലേക്കുമായി കോടിക്കണക്കിന് രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. ഈ സാഹചര്യത്തിലാണ് സഹായം അഭ്യർത്ഥിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
അതേസമയം, ഇത് നിർബന്ധിത പിരിവിലേക്ക് മാറരുത് എന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു. താഴെ തട്ടിലുള്ള ജീവനക്കാരെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷ എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ സംഘടനാ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനം സര്‍ക്കാരിനെ അറിയിക്കും.