അലനും താഹയും മാവോയിസ്റ്റുകളാണെന്നതിന് മുഖ്യമന്ത്രി തെളിവ് പുറത്തുവിടണം : രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, January 21, 2020

കോഴിക്കോട് : പന്തീരാങ്കാവ് യു.എ.പി.എ കേസിൽ യു.ഡി.എഫ് ശക്തമായി ഇടപെടുന്നു. താഹയുടെയും അലന്‍റെയും വീടുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. മനുഷ്യാവകാശ പ്രശ്നം എന്ന നിലയിലാണ് വിഷയത്തെ സമീപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

രാവിലെ എട്ടു മണിയോടെ താഹയുടെ വീട്ടിലാണ് പ്രതിപക്ഷ നേതാവ് ആദ്യം എത്തിയത്. മാതാ പിതാക്കളിൽ നിന്നും സഹോദരനിൽ നിന്നും അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കുടുംബാംഗങ്ങൾ കാര്യങ്ങൾ വിശദീകരിച്ചത്. താഹ സി.പി.എം പ്രവർത്തകനാണെന്നും പോലീസ് കെട്ടിച്ചമച്ച തെളിവുകളാണ് മകനെതിരെ ഉള്ളതെന്നും ഇവർ പറഞ്ഞു. തുടർന്ന് അലന്‍റെ മാതാ പിതാക്കളെയും രമേശ് ചെന്നിത്തല കണ്ടു. ചെറുപ്പം മുതൽ വായനാശീലമുള്ള അലന്‍റെ കയ്യിൽ പുസ്തകം കണ്ടത് ഏറ്റവും വലിയ തെറ്റായി ഇപ്പോൾ പറയുന്നത് വേദനാജനകമാണെന്ന് ഇവർ പറഞ്ഞു.

‘സാധാരണ ഗതിയില്‍ യു.എ.പി.എ ചുമത്തുന്നതിന് ചില നിബന്ധനകളുണ്ട്. ചില നിയമങ്ങളുടെ അടിസ്ഥാനത്തിലാവണം. അത്തരത്തിലുള്ള കാര്യങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രഥമ ദൃഷ്ട്യാ മനസിലാകുന്നത്. എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇവര്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് പറയുന്നത് ? ഇക്കാര്യത്തിലെ തെളിവുകള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പുറത്തുവിടാത്തത്? – രമേശ് ചെന്നിത്തല ചോദിച്ചു.

ഈ കേസിൽ യു.എ.പി എ ചുമത്താൻ ഒരു ന്യായവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തെളിവുകൾ ഉണ്ടെങ്കിൽ മുഖ്യ മന്ത്രി പുറത്ത് വിടണം. വിഷയം വീണ്ടും നിയമ സഭയിൽ ഉന്നയിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രിയും അമിത്ഷായും തമ്മില്‍ എന്താണ് വ്യത്യാസമെന്നും ചെന്നിത്തല ചോദിച്ചു. എം കെ രാഘവൻ എംപി, പാറക്കൽ അബ്ദുള്ള എം.എൽ.എ നേതാക്കളായ എൻ സുബ്രഹ്മണ്യം, കെ പ്രവീൺ കുമാർ, പി.എം നിയാസ് തുടങ്ങിയവരും പ്രതിപക്ഷ നേതാവിന് ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എം.എല്‍.എയും അലന്‍റെയും താഹയുടെയും വീടുകൾ സന്ദര്‍ശിച്ചിരുന്നു. അലനെയും താഹയെയും മുന്‍വിധിയോടെ മാവോയിസ്റ്റുകളെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെയും പി. ജയരാജന്‍റെയും ഇടപെടല്‍ സംശയം ജനിപ്പിക്കുന്നതാണെന്നും എം.കെ മുനീര്‍ പറഞ്ഞിരുന്നു.