മോദിയുമായി ഉണ്ടാക്കിയ പാക്കേജിലെ വിശദാംശങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തണം: കെ.സി വേണുഗോപാൽ എംപി

Jaihind Webdesk
Thursday, May 26, 2022

കൊച്ചി: പാതിവഴിയിൽ അന്വേഷണം നിലച്ച കേസുകൾ അടക്കം മോദിയുമായി ഉണ്ടാക്കിയ പാക്കേജിലെ വിശദാംശങ്ങൾ എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. മതേതര കേരളത്തിൽ വർഗീയത ആളിക്കത്തിച്ച് ബിജെപിക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്ന പിണറായിയുടെ പുതിയതരം ‘സോഷ്യൽ എഞ്ചിനീയറിംഗ്’ ഈ പാക്കേജിന്‍റെ ഭാഗമാണോ എന്നാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ പര്യടനം കാക്കനാട് മനയ്ക്കകടവിൽ ഉദ്ഘാടനം ചെയ്ത ശേഷം ഹൈബി ഈഡൻ എംപിയുമൊന്നിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരേ സമയം മതേരത്വം പ്രസംഗിക്കുകയും വർഗീയ ശക്തികളോട് കൂട്ടുകൂടുകയുമാണ് മുഖ്യമന്ത്രി. ഗുജറാത്തിൽ നിന്നും വികസനത്തിന്‍റെ പാഠം മനസിലാക്കാനാണോ അതോ വർഗീയ ധ്രുവീകരണം എങ്ങനെ ഫലപ്രദമായി സൃഷ്ടിച്ചെടുക്കാമെന്നുള്ള പാഠമാണോ പടിക്കാൻ പോയതെന്നാണ് വ്യക്തമാകേണ്ടത്. അധികാരം നിലനിർത്താനും കേസുകളിൽ നിന്ന് രക്ഷപ്പെടാനും പിണറായി വിജയൻ കമ്യൂണലിസത്തെയും കേരളത്തിന്‍റെ മതേതര സ്വഭാവത്തെയും സന്ധി ചെയ്യുകയാണ്.

സ്വർണ്ണക്കടത്ത് അടക്കം കേന്ദ്ര ഏജൻസികളുടെ അന്വേഷണം പാതിവഴിയിൽ നിലച്ചുപോയ കേസുകളും പിണറായി വിജയന്‍റെ ബിജെപിയോടും മോദിയോടുമുള്ള മൃദുസമീപനവും തമ്മിലെന്താണ് ബന്ധം. ലാവലിൻ കേസ് എന്തുകൊണ്ട് സുപ്രീം കോടതിയിൽ 30 തവണ മാറ്റിവെച്ചു.സ്വർണ്ണക്കടത്ത് കേസ് അന്വേഷണം എങ്ങനെ കോൾഡ് സ്റ്റോറേജിലായി. ലൈഫ് മിഷൻ അഴിമതി കേസിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. കേസുകൾ ഒതുക്കുന്നത് അടക്കം പിണറായി വിജയനും മോദിക്കുമിടയിലെ പാലം ആരാണ്. ഏത് കോർപ്പറേറ്റ് ഭീമനാണ് ഇരുവർക്കുമിടയിലെ ഇടനിലക്കാരനെന്നും കെ.സി വേണുഗോപാൽ എംപി ചോദിച്ചു.

കേസുകളൊതുക്കാൻ ആർഎസ്എസിനോടും വോട്ടുനേടാൻ എസ്ഡിപിഐയോടും ഒരേ സമയം സന്ധി ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് ഇപ്പോൾ മുഖ്യമന്ത്രി പയറ്റുന്നത്. രണ്ടുകൂട്ടരും ആസൂത്രണം ചെയ്ത് കൊലനടത്തുമ്പോൾ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്. വർഗീയ കൊലപാതങ്ങളിലും അതിക്രമങ്ങളിലും അന്വേഷണവുമില്ല കേസുമില്ല ശിക്ഷയുമില്ലെന്നതാണ് ഇന്ന് കേരളത്തിലെ അവസ്ഥ.

താത്ക്കാലിക രക്ഷയ്ക്കും നേട്ടത്തിനും വേണ്ടി മതവർഗീയ ധ്രൂവീകരണത്തിനിടയാക്കുന്ന സാഹചര്യമൊരുക്കാൻ എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുന്ന പിണറായി വിജയന്റെ നടപടി രാജ്യസുരക്ഷയ്ക്കും കേരളത്തിനും ഭീഷണിയാണ്. കേരളത്തിന്റെ മതേതര സ്വഭാവം നിലനിർത്താൻ, സങ്കുചിത താത്പര്യങ്ങൾ വെടിഞ്ഞ് വർഗീയ പ്രവർത്തനങ്ങൾ നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. എല്ലാവരെയും തുല്യരായി പരിഗണിക്കാനും കൂടുതൽ അർഹിക്കുന്ന പ്രധാന്യത്തോടെ അന്വേഷണ വിധേയമായി ഇത്തരക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാനും സർക്കാർ തയാറാകണമെന്നും കെ.സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.