സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു ; പിണറായിക്ക് ഭയമെന്ന് രമേശ് ചെന്നിത്തല | Video

Jaihind News Bureau
Tuesday, November 3, 2020

 

തിരുവനന്തപുരം : അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിയമം അനുസരിച്ചാണ് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത്. പാർട്ടി സെക്രട്ടറിയുടെ മകനെ തൊടുമ്പോള്‍ രോഷം സ്വാഭാവികമാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. അഴിമതി നടത്തുന്ന സർക്കാരിന് ധാർമ്മികതയെ കുറിച്ച് പറയാൻ എന്ത് അവകാശമാണുള്ളത്. പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കള്ളക്കേസ് എടുക്കുന്ന മുഖ്യമന്ത്രി ജനാധിപത്യം പഠിപ്പിക്കാൻ വരേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മോദിയുടെയോ അമിത് ഷായുടെയോ പേര് പറയാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും മോദിയുമായുള്ള ധാരണയാണ് ലാവലിൻ കേസിൽ നടക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം മുറുകിയതോടെ കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി എത്തിയ മുഖ്യമന്ത്രിയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.