പോലീസിന്‍റെ വാക്ക് കേട്ടാല്‍ അറപ്പുളവാകുന്നതാകരുത്; വിമർശനവുമായി മുഖ്യമന്ത്രി

Jaihind Webdesk
Thursday, February 10, 2022

 

തൃശൂർ : പോലീസ് സേനയ്ക്ക് മുഖ്യമന്ത്രിയുടെ വിമർശനം . കാലം മാറിയെന്നും ആ മാറ്റം പൊലീസ് ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടികാട്ടി. അധുനിക പരിശീലനം ലഭിക്കുന്നുണ്ടെങ്കിലും പഴയതിന്റെ ചില തികട്ടലുകൾ അപൂർവം ചിലരിലുണ്ട്. അത് പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു എന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. തൃശൂരിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പോലീസ് സേനയ്ക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിതന്നെ വിമർശനവുമായി രംഗത്തെത്തുന്നത്. പാസിംഗ് ഔട്ട് പരേഡിൽ സാധാരണ പിന്തുടർന്നു വന്ന രീതികളിൽ ഇത്തവണ മാറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് സേനയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചത്. പാസിംഗ് ഔട്ട് പരേഡിൽ വന്ന മാറ്റം ഉത്തരവാദിത്തപ്പെട്ടവർ പരിശോധിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിശീലനം ശരിയായ നിലയിലല്ലെങ്കിൽ അത് സമൂഹത്തിന് വിനയാകും. പഴയ കാലത്ത് പൊലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമർത്താനാണ്. എന്നാൽ കാലം മാറി ആധുനിക പരിശീലനം ലഭിക്കുന്നുണ്ടെങ്കിലും വലിയ മാറ്റം ഉണ്ടായിട്ടില്ല. അപൂർവം ചിലർ പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പോലീസിന്‍റെ നാക്ക് അറപ്പ് ഉളവാക്കുന്നതാകരുത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് കൊണ്ടാണ് തുടക്കത്തിലേ ഓർമ്മിപ്പിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

പോലീസിന്‍റെ പുതിയ മുഖം വെളിവാക്കപ്പെട്ട കാലം കൂടിയാണ് ഇതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. പ്രളയം കൊവിഡ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പോലീസിന്‍റെ ജനാഭിമുഖ്യമായ മുഖം കണ്ടു. ജനങ്ങളെ ആപത് ഘട്ടത്തിൽ രക്ഷിക്കുന്നവരായി പൊലീസ് മാറി. ഇതിന് ഉതകുന്ന മാറ്റങ്ങൾ പരിശീലനത്തിലും ഉണ്ടാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.