മുഖ്യമന്ത്രി പിണറായിയും കുടുംബവും ദുബായിലിറങ്ങി; ദുബായ് യാത്രയുടെ ലക്ഷ്യം എന്ത്? സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുടെ പൊങ്കാല

JAIHIND TV DUBAI BUREAU
Wednesday, October 12, 2022

ദുബായ് : യൂറോപ്പ് -ലണ്ടന്‍ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച ( ഒക്ടോബര്‍ 12 ) ദുബായിലെത്തി. രണ്ടു ദിവസം മുഖ്യമന്ത്രി കുടുംബത്തോടൊപ്പം ദുബായില്‍ ചെലവഴിക്കും. ലണ്ടനില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിലെത്തിയ മുഖ്യമന്ത്രി ദുബായ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് താമസിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രിക്ക് ദുബായില്‍ ഔദ്യോഗിക പരിപാടികളുള്ളതായി അറിയിച്ചിട്ടില്ല. അതിനാല്‍, എന്താണ് ഇപ്പോഴത്തെ ദുബായ് യാത്രയുടെ ലക്ഷ്യമെന്നത് ആര്‍ക്കും വ്യക്തമല്ല. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും യൂറോപ്പ് -ലണ്ടന്‍ പര്യടനത്തിനു ശേഷം നേരിട്ടു കേരളത്തിലേക്ക് മടങ്ങിയപ്പോഴാണ്, മുഖ്യമന്ത്രി കുടുംബത്തോടൊപ്പം ദുബായില്‍ ചെലവഴിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ ദുബായ് യാത്ര , സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലോടെ നേരത്തെ വിവാദമായിരുന്നു.

ഇതിനിടെ, മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങള്‍ക്ക് ഒപ്പം നടത്തുന്ന വിദേശ പര്യടനം വലിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. വന്‍തുക ചെലവഴിച്ചുള്ള വിദേശ സന്ദര്‍ശനം സുതാര്യമല്ലെന്നും സംസ്ഥാനത്തിനു പ്രയോജനം ഇല്ലെന്നുമാണു പ്രതിപക്ഷ ആരോപണം. ഇതിനിടെ, നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യയെയും മകളെയും കൊച്ചുമകനെയും കൊണ്ടു പോയിരുന്നു. ഇതും രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിവാദമായ വിദേശ പര്യടനം ആക്ഷേപങ്ങള്‍ക്ക് വഴിതുറന്നപ്പോഴാണ്, മുഖ്യമന്ത്രി കുടുംബസമ്മേതം വീണ്ടും ദുബായില്‍ ചെലവഴിക്കുന്നത്.

വിദേശ പര്യടനത്തിനു ശേഷം 12 നു കേരളത്തില്‍ മടങ്ങി എത്തുമെന്നാണു നേരത്തേ പറഞ്ഞിരുന്നതെങ്കിലും പിന്നീടു ദുബായ് സന്ദര്‍ശനം കൂടി ഉള്‍പ്പെടുത്തി. ഇത് എന്തിനാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച. മുഖ്യമന്ത്രിയും സംഘവും ഒക്ടോബര്‍ ഒന്നുമുതല്‍ ഫിന്‍ലന്‍ഡ്, നോര്‍വേ, യുകെ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍, കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നു ഫിന്‍ലന്‍ഡ് ഒഴിവാക്കി . തുടര്‍ന്ന് മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാന്‍, വീണാ ജോര്‍ജ്, വി.ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, വകുപ്പു സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയോടൊപ്പം വിദേശ സന്ദര്‍ശനങ്ങളില്‍ പങ്കെടുത്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥ സംഘവും അനുഗമിച്ചിരുന്നു. ഒട്ടേറെ ഉദ്യോഗസ്ഥര്‍ ഒപ്പം ഉണ്ടായിരിക്കെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങള്‍ ഒപ്പം പോകുന്നത് എന്തിനാണെന്ന ചോദ്യവും വിമര്‍ശനങ്ങളും ഇതോടൊപ്പം ശക്തമാണ്.