വരാപ്പുഴ കസ്റ്റഡി മരണം : എസ്.പി എ.വി ജോർജിന് സർക്കാരിന്‍റെ ക്ലീൻചിറ്റ്

Jaihind Webdesk
Saturday, June 1, 2019

Sreejith-Custody-Murder-case

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ ആരോപണ വിധേയനായ എസ്.പി എ.വി ജോർജിന് സർക്കാരിന്‍റെ ക്ലീൻചിറ്റ്. ജോർജിനെതിരായ അച്ചടക്ക നടപടികൾ പൂർണമായി ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. വകുപ്പുതല നടപടികളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ജോര്‍ജ്ജിന് ഡിഐജിയായി സ്ഥാനകയറ്റം ലഭിക്കും.

വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ നിന്ന് ആലുവ റൂറല്‍ എസ്‌പിയായിരുന്ന എ വി ജോർജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാൽ ജോർജിനെതിരെ വകുപ്പുതല നടപടികൾക്ക് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്യ്തിരുന്നു. തുടർന്നാണ്
അച്ചടക്ക നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എ.വി ജോർജ് സർക്കാരിന് കത്ത് നൽകിയത്. ഇതേത്തുടർന്നാണ് സർക്കാർ ഡിജിപിയുടെ റിപ്പോർട്ട് തേടിയത്. സംഭവത്തില്‍ എവി ജോര്‍ജ് സാക്ഷി മാത്രമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപി സർക്കാരിന് നൽകിയ റിപ്പോര്‍ട്ടിൽ പറയുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ജോര്‍ജിനെ കുറ്റവിമുക്തനാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

വകുപ്പുതല നടപടികളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ജോര്‍ജ്ജിന് ഡി ഐ ജിയായി സ്ഥാനകയറ്റം ലഭിക്കും. പ്രത്യേക അന്വേഷണസംഖം ക്ലീൻചിറ്റ് നൽകിയതിനെത്തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് എ.വി ജോർജ് സർവീസിൽ തിരിച്ചെത്തിയത്.