കിഫ്ബി പൂട്ടിയ സ്കൂള്‍ കെട്ടിടത്തില്‍ ക്ലാസുകള്‍ വൈകും; പ്ലസ് വണ്‍ ക്ലാസുകള്‍ പഴയ കെട്ടിടത്തില്‍

Jaihind Webdesk
Thursday, August 25, 2022

കൊച്ചി: കിഫ്ബി താഴിട്ട് പൂട്ടിയ എറണാകുളം വെണ്ണല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കാന്‍ വൈകും. ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ പഴയ കെട്ടിടത്തിൽ ആരംഭിച്ചു. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് പിടിഎയുടെ നിര്‍ദ്ദേശം കരാര്‍ കമ്പനി പാലിക്കാതെ വന്നതാണ് കെട്ടിടം ഏറ്റെടുക്കല്‍ വൈകിയത്.

വെണ്ണല സ്‌കൂളിലെ പുതിയ ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിന്‍റെ 98 ശതമാനം പണികളും മാര്‍ച്ച്‌ 31 ന് പൂര്‍ത്തിയായതാണ്. എന്നാല്‍ നിര്‍മ്മാണത്തില്‍ പിടിഎ പരാതി ഉന്നയിക്കുകയും, അത് പരിഹരിക്കാന്‍ കരാര്‍ കമ്പനി തയാറാവാതിരിക്കുകയും ചെയ്തതോടെ കെട്ടിടം ഏറ്റെടുക്കണമെന്ന കരാറുകാരന്‍റെ ആവശ്യം പ്രിന്‍സിപ്പല്‍ തള്ളി. ഇതോടെയാണ് കഴിഞ്ഞ തിങ്കളാഴ്ച ക്ലാസ് റൂമുകള്‍ പൂട്ടി താക്കോലുമായി കരാറുകാരന്‍ പോയത്.

വിഷയം വാര്‍ത്തയായതോടെ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടെങ്കിലും പിടിഎ ഉന്നയിച്ച പോരായ്മകള്‍ പരിഹരിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വരും. ഓണത്തിന് മുമ്പ് പുതിയ കെട്ടിടത്തില്‍ പഠിക്കാമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും. സ്കൂൾ കെട്ടിടം പൂട്ടിയ കിഫ്ബി നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നിർമ്മാണം പൂർത്തിയായ കെട്ടിടത്തിലെ പ്രിൻസിപ്പലിന്‍റെ മുറിയടക്കമാണ് കിഫ്ബി പൂട്ടിയത്.