വിഴിഞ്ഞത്ത് സംഘർഷം: പോലീസ് സ്റ്റേഷന്‍ വളഞ്ഞ് സമരക്കാർ; രണ്ട് ജീപ്പുകള്‍ മറിച്ചിട്ടു

Jaihind Webdesk
Sunday, November 27, 2022

തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘർഷാവസ്ഥ. പോലീസ് സ്റ്റേഷന് മുന്നിൽ ആയിരക്കണക്കിന് സമരാനുകൂലികള്‍ തടിച്ചുകൂടി.  കസ്റ്റഡിയിലെടുത്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവർത്തകർ പോലീസ് സ്റ്റേഷൻ വളഞ്ഞത്. സമരക്കാർ രണ്ടു പൊലീസ് ജീപ്പ് മറിച്ചിടുകയും പോലീസ് വാൻ തടയുകയും ചെയ്തു. സംഘർഷത്തില്‍ പോലീസുകാര്‍ക്കടക്കം പരിക്കേറ്റു. ജില്ലാ കളക്ടര്‍ വിഴിഞ്ഞത്തേക്ക് തിരിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് സ്ഥലത്തെത്തിച്ചേർന്നു.

കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. വൈദികർ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. കാര്യങ്ങള്‍ നിയന്ത്രണാതീതമാകുന്നുവെന്ന ആശങ്ക ഉയരുന്നുണ്ട്. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹം സ്ഥലത്തെത്തി. സ്റ്റേഷൻ പരിസരത്ത് 200 പോലീസുകാരെ അധികമായി വിന്യസിച്ചു. രണ്ടായിരത്തിലേറെ വരുന്ന ജനക്കൂട്ടമാണ് സ്റ്റേഷന്‍ പരിസരത്തേക്ക് ഇരച്ചെത്തിയത്.

കഴിഞ്ഞ ദിവസമുണ്ടായ വിഴിഞ്ഞം സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഗൂഢാലോചനാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. തുറമുഖത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഗൂഢാലോചന അടക്കം വിവിധ വകുപ്പുകളിട്ടാണ് ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും സഹായ മെത്രാൻ ആര്‍ ക്രിസ്തുദാസും അടക്കം അമ്പതോളം വൈദികര്‍ക്ക് എതിരെ പോലീസ് കേസെടുത്തത്. സംഘര്‍ഷ സ്ഥലത്ത് നേരിട്ടുണ്ടായിരുന്ന വികാരി ജനറൽ ഫാദര്‍ യൂജിൻ പെരേര അടക്കമുള്ള വൈദികര്‍ക്ക് എതിരെ വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായാണ് പോലീസ് പറയുന്നത്.

അതിനിടെ വിഴിഞ്ഞം തുറമുഖ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ലത്തീൻ അതിരൂപത രംഗത്തെത്തി. ശനിയാഴ്ച ഉണ്ടായ സംഘർഷം സിപിഎമ്മിന്‍റെയും ബിജെപിയുടെയും നേതൃത്വത്തിലാണ് നടന്നതെന്ന് വിഴിഞ്ഞം തുറമുഖ സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയ സർക്കാർ നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വിരട്ട് ഏറാൻമൂളികളായ അനുയായികളോട് മതിയെന്നും തങ്ങളോട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചനക്കാരുടെ കേന്ദ്രമായി മാറിയെന്നും പിണറായി വിജയൻ നേരിട്ട് നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്നും ഫാദർ തിയോഡോഷ്യസ് പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെയും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്‍റെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ് കഴിഞ്ഞ ദിവസം ഗുണ്ടകൾ അഴിഞ്ഞാടിയതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉയർത്തി. 500 രൂപയും ബിരിയാണിപ്പൊതിയും നൽകി കൊണ്ടുവന്ന ഗുണ്ടകളാണ് അവിടെ അക്രമം അഴിച്ചുവിട്ടതെന്നും പോലീസ് നോക്കി നിന്നെന്നും ഫാദർ തിയോഡോഷ്യസ് പറഞ്ഞു.

അതേസമയം അക്രമം അഴിച്ചുവിട്ട ഗുണ്ടകളെ സ്വതന്ത്രമായി വിട്ട് സംഭവ സ്ഥലത്തില്ലാത്ത വൈദികർക്കെതിരെ പോലും കേസെടുക്കുകയാണ് പോലീസ് ചെയ്തതെന്ന് ഫാദർ തിയോഡോഷ്യസ് കുറ്റപ്പെടുത്തി. നിലനിൽപ്പിനായി സമരമുഖത്തുള്ള വൈദികർ ഉൾപ്പെടെ 94 പേർക്കെതിരെ കേസെടുത്ത നടപടി ലജ്ജാകരമാണ്. അനുമതിയില്ലാതെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്ന അദാനിക്കെതിരായാണ് പിണറായി വിജയന്‍റെ പോലീസ് കേസെടുക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി ഭരണത്തിൽ അഴിമതി മാത്രമാണ് നടക്കുന്നതെന്നും ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് കൂട്ടിച്ചേർത്തു.