ആവിക്കല്‍തോട് മാലിന്യപ്ലാന്‍റ്: ജനസഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ല, എംഎല്‍എയെ തടഞ്ഞുവെച്ച് പ്രദേശവാസികള്‍; സംഘർഷം

Jaihind Webdesk
Saturday, July 30, 2022

കോഴിക്കോട്: കോർപറേഷന്‍റെ മാലിന്യ പ്ലാന്‍റിനെതിരെ പ്രക്ഷോഭം നടക്കുന്ന ആവിക്കൽതോടിൽ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന ജനസഭക്കിടെ സംഘർഷം. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പങ്കെടുത്ത യോഗത്തിനിടെയാണ് സംഘർഷമുണ്ടായത്. ജനസഭയില്‍ പ്രദേശവാസികള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധമുയർന്നത്.

സമരസമിതിയുമായി ബന്ധപ്പെട്ടവർക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികൾ പ്രതിഷേധിച്ചത്. തങ്ങളെ ഒരു ചോദ്യം പോലും ചോദിക്കാൻ അനുവദിച്ചില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. സംസാരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ എംഎൽഎയെ തടഞ്ഞുവെക്കാൻ ശ്രമിച്ചതോടെയാണ് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. പൊലീസുകാർ സ്ത്രീകളെയും കുട്ടികളെയും അടക്കം മർദ്ദിച്ചതായി പ്രതിഷേധക്കാർ പറഞ്ഞു.

വാർഡിന് പുറത്തുള്ള ആളുകളെ കൊണ്ടുവന്നാണ് ജനസഭ സംഘടിപ്പിച്ചതെന്ന് സമരസമിതിക്കാർ പറയുന്നു. ജനസഭ തുടങ്ങുന്നതിന് മുമ്പ് തന്നെ കോർപറേഷൻ ഭരണസമിതിക്ക് താൽപര്യമുള്ള ആളുകളെ ഹാളിൽ കുത്തിനിറച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.