വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി മാർച്ചിനിടെ സംഘർഷം; സമരക്കാരും പോലീസുമായി ഉന്തും തള്ളും

Jaihind Webdesk
Sunday, September 18, 2022

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ ബഹുജന മാർച്ചിനിടെ സമരക്കാരും പോലീസുമായി സംഘർഷം. പദ്ധതി പ്രദേശത്തേക്ക് സമരക്കാർ തള്ളി കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. അതിനിടെ വിഴിഞ്ഞം തുറമുഖം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കൂട്ടായ്മ സമരപ്പന്തലിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു.

തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളം മൂലമ്പള്ളിയിൽ നിന്ന് ആരംഭിച്ച ജനബോധനയാത്ര ഇന്ന് വിഴിഞ്ഞത്ത് എത്തി. പിന്നാലെയാണ് ബഹുജന മാർച്ച് നടത്തിയത്. തുറമുഖ കവാടത്തിന് മുന്നിലെത്തിയ മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ലത്തീൻ അതിരൂപത വൈദികരടക്കം ഇടപെട്ടതോടെയാണ് സ്ഥിതി നിയന്ത്രണവിധേയമായത്.

മത്സ്യത്തൊഴിലാളി ബഹുജന മാർച്ച് അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്തു. അതിനിടെ വിഴിഞ്ഞം തുറമുഖത്തെ അനുകൂലിച്ചുകൊണ്ട് പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സമരപ്പന്തലിലേക്ക് മറ്റൊരു മാർച്ച് കൂടി നടന്നു. പ്രാദേശിക കൂട്ടായ്മയുടെ സമരത്തെ പോലീസ് വഴിയിൽ തടഞ്ഞു. ഇതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ ഉണ്ടായി. നാളെ മുതൽ സമരം ശക്തമാക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. അടുത്ത മാസം മൂന്നു വരെ 24 മണിക്കൂർ ഉപവാസം നടത്തും. സംസ്ഥാന വ്യാപകമായി ഐക്യദാർഢ്യ സമ്മേളനങ്ങളും നടത്തും.