നോക്ക് കൂലി കൊടുത്തില്ല; കുടുംബത്തിന് സി.ഐ.ടി.യു വിന്‍റെ മാനസിക പീഡനം; ജീവിതോപാധിയായ കട വില്‍ക്കേണ്ടിവരുമെന്ന് ആശങ്ക

Jaihind News Bureau
Tuesday, September 10, 2019

നോക്ക് കൂലി കൊടുക്കാത്തതിന്‍റെ പേരിൽ കൊച്ചിയിൽ ഒരു കുടുംബത്തിന് സി.ഐ.ടി.യു വിന്‍റെ മാനസിക പീഡനം. കൊച്ചി എളംകുളത്തെ അരവിന്ദിന്‍റെയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്കുള്ള വഴി തടസപ്പെടുത്തിയാണ് നോക്ക് കൂലി കൊടുക്കാത്തതിന്‍റെ പ്രതികാരം സി.ഐ.ടി.യു തൊഴിലാളികൾ തീർക്കുന്നത്.

ഈ മാസം 5നാണ് തങ്ങളുടെ ഉടമസ്ഥതതയിലുള്ള സംഗീത ഉപകരണ വിൽപ്പന സ്ഥാപനത്തിന്‍റെ പ്രവൃത്തികൾക്കായി 2 ലോഡ് ഗ്ലാസ് ഇവർ വാങ്ങിച്ചത്. എന്നാൽ ഗ്ലാസിറക്കാൻ തുടങ്ങിയപ്പോൾ ചില സി ഐടിയു തൊഴിലാളികൾ എത്തി നോക്ക് കൂലി ആവശ്യപ്പെട്ടു. സ്‌ക്വയർ ഫീറ്റിന് 25 രൂപ നിരക്കിൽ 34,000 രൂപ വേണമെന്നാവശ്യപ്പെട്ടെങ്കിലും അരവിന്ദ് നൽകാൻ തയാറായില്ല. തുടർന്ന് അരവിന്ദും ഭാര്യയും ചേർന്ന് മുഴുവൻ ഗ്ലാസുകളും വാഹനത്തിൽ നിന്നിറക്കി.

തുടർന്നാണ് സി.ഐ.ടി യു ക്കാർ വിശ്വരൂപം പുറത്തെടുത്തു. സ്ഥാപനത്തിലേക്കുള്ള വഴി തടസപ്പെടുത്തി കൊണ്ട് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തും വാഹനക്കൾക്ക് മീതെ പഴയ തുണികൾ വിരിച്ചും പ്രതികാര നടപടികൾ തുടങ്ങിയെന്ന് അരവിന്ദിന്‍റെ ഭാര്യ ഷീബ പറയുന്നു.

ഇത് പോലീസിൽ അറിയിച്ചിട്ടും നോക്കാം എന്ന് സിഐ  പറയുന്നതല്ലാതെ മറ്റൊരു നടപടിയും ഇതു വരെ കൈ കൊണ്ടിട്ടില്ല. കൂടാതെ പാർട്ടി നേതൃത്വത്തിലെ ഉന്നതരോടും ഇവർ തങ്ങളുടെ പരാതി പറഞ്ഞിട്ടുണ്ട്. സംഘടന ബലം കൊണ്ട് അനാവശ്യമായി തങ്ങളെ ദ്രോഹിക്കുന്ന നടപടി സി ഐ ടി യു അവസാനിപ്പിച്ചില്ലെങ്കിൽ കട വിൽക്കേണ്ട അവസ്ഥയാണെന്ന് ഭാര്യയും ഭർത്താവും നിറകണ്ണുകളോടെ പറയുന്നു. നോക്ക് കൂലിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറയുമ്പോഴാണ് കയ്യൂക്കിന്‍റെ ബലത്തിൽ ഭരണപക്ഷത്തെ പ്രമുഖ തൊഴിലാളി സംഘടന തന്നെ ഒരു കുടുംബത്തെ ദ്രോഹിക്കുന്നത്.