സെക്രട്ടേറിയറ്റ് അതീവ സുരക്ഷാ മേഖല; സിനിമാ-സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് വിലക്ക്

Jaihind Webdesk
Saturday, July 16, 2022

Government-Secretariat

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുള്ളിലും പരിസരത്തും സിനിമാ-സീരിയല്‍-ഡോക്യുമെന്‍ററി ചിത്രീകരണത്തിന് വിലക്ക്. ഇക്കാര്യം അറിയിച്ച് ആഭ്യന്തരവകുപ്പ് സർക്കുലർ പുറത്തിറക്കി. ഇതനുസരിച്ച് സെക്രട്ടേറിയേറ്റിന്‍റെ കോമ്പൗണ്ടിനുള്ളിലും പരിസരത്തും സുരക്ഷാമേഖലയുടെ പരിധിയില്‍ വരുന്ന ഭാഗത്തും ഇനിമുതല്‍ ചിത്രീകരണം അനുവദിക്കില്ല. അതീവ സുരക്ഷാ മേഖലയായി കണ്ടാണ് അനുമതി നിഷേധിച്ചതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇനി മുതല്‍ പിആര്‍ഡി ആയിരിക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള ചിത്രീകരണം നിര്‍വഹിക്കുക. ചിത്രീകരണത്തിനായി വന്ന അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി.

സിനിമാ ചിത്രീകരണത്തിനായി ഒട്ടേറെ ആളുകള്‍ സെക്രട്ടേറിയേറ്റിനുള്ളില്‍ പ്രവേശിക്കുന്നുണ്ട്. ഇവരെ എല്ലാവരെയും പരിശോധിച്ച് കടത്തിവിടുക എന്നത് ശ്രമകരമായ സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയാണ്. ചിത്രീകരണത്തിന്‍റെ ഭാഗമായി സെക്രട്ടേറിയേറ്റിനുള്ളില്‍ ഭക്ഷണവിതരണം ഉള്‍പ്പെടെ നടത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. ചിത്രീകരണത്തിന്‍റെ ഭാഗമായി സെക്രട്ടേറിയേറ്റില്‍ ചിലപ്പോള്‍ മോടിപിടിപ്പിക്കലുകളും നടക്കുന്നുണ്ട്. ഇവയെല്ലാം കണക്കിലെടുത്താണ് ചിത്രീകരണത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.