ഒടുവില്‍ സിഐക്ക് സസ്പെന്‍ഷന്‍ : പ്രതിപക്ഷ സമരം വിജയം

Jaihind Webdesk
Friday, November 26, 2021

മോഫിയയുടെ മരണത്തിൽ സിഐ സുധീറിന് സസ്‌പെൻഷൻ. ഡിജിപിയാണ് സുധീറിന്റെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ് മൂന്ന് ദിവസമായി കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമായിരുന്നു നടന്നത്. അന്‍വർ സാദത്ത് എംഎല്‍യുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആലുവ പൊലീസ് സ്റ്റേഷന് മുന്‍പില്‍ അനിശ്ചിതകാല  ഉപരോധ സമരമിരിക്കുകയായിരുന്നു.

സുധീറിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചാണ് ഡിജിപിയുടെ ഉത്തരവ്. സി ഐ സുധീറിനെ ആരോപണം ഉയർന്നപ്പോൾ സ്ഥലം മാറ്റാൻ മാത്രമായിരുന്നു ആദ്യം സർക്കാർ തീരുമാനിച്ചത്. എന്നാൽ മോഫിയയുടെ ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിട്ടും സിഐ സുധീറിനെതിരെ നടപടിയെടുക്കാത്തതിൽ വലിയ പ്രതിപക്ഷ പ്രതിഷേധമുയർന്നു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സത്യാഗ്രഹവും മാർച്ചും കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. സുധീറിനെ സസ്‌പെൻഡ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് അറിയിച്ചതോടെ സർക്കാർ കൂടുതൽ സമ്മർദത്തിലാവുകയായിരുന്നു.

സിഐയെ സ്റ്റേഷന്‍ ചുമതലകളില്‍ നീക്കി നടപടികള്‍ ഒതുക്കാന്‍ സർക്കാറിന്‍റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായതോടെയാണ് അന്‍വർ സാദത്ത് എംഎല്‍എ ആലുവ പൊലീസ് സ്റ്റേഷന്‍ ഉപരോധം  തുടങ്ങിയത്. പിന്നാലെ ബെന്നി ബെഹനാന്‍ എംപി അടക്കം  കോൺഗ്രസ് നേതാക്കള്‍ സമരത്തില്‍ അണി ചേർന്നതോടെ സർക്കാർ പ്രതിരോധത്തിലാവുകയും സിഐയെ സ്ഥലം മാറ്റി ഉത്തരവിറക്കുകയും ചെയതു. എന്നാല്‍ സ്ഥലം മാറ്റി നടപടി അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ അംഗീകരിക്കില്ലെന്നും സസ്പെന്‍റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നും പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. തുടർന്ന് സമരത്തിന് നേരെ പൊലീസ് അതിക്രമം അഴിച്ചുവിടുകയും ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും പ്രവർത്തകർക്കും പരിക്കേല്‍ക്കുകയും ചെയ്തു. എന്നിട്ടും സമരത്തില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറാതെ വന്നപ്പോഴാണ് സിഐയെ സസ്പെന്‍റ് ചെയ്ത് ഡിജിപി ഉത്തരവിറക്കിയത്.  സിഐയ്ക്ക് സസ്‌പെൻഷൻ ലഭിച്ചതോടെ സമരം അവസാനിപ്പിക്കുകയാണെന്ന് കോൺഗ്രസ് അറിയിച്ചു.