പീഢാനുഭവ വാര തിരുകര്‍മ്മങ്ങള്‍ക്ക് ദേവാലയങ്ങള്‍ ഒരുങ്ങി : ചടങ്ങ് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

Jaihind Webdesk
Wednesday, March 31, 2021

ഷാര്‍ജ : സെന്‍റ് മൈക്കിള്‍സ് പള്ളിയിലെ പീഢാനുഭവവാര തിരുകര്‍മ്മങ്ങള്‍, കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന് വരുകയാണ്. മലയാളികള്‍ ഉള്‍പ്പടെ ആയിരകണക്കിന് വിശ്വാസികള്‍ വിവിധ ദിവസങ്ങളിലായി ചടങ്ങുകളില്‍ സംബന്ധിക്കും.

പെസഹാ തിരുകര്‍മ്മങ്ങള്‍

ലാറ്റിന്‍ മലയാളത്തിലുള്ള പെസഹാ തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ ഒന്നിന് വ്യാഴാഴ്ച രാവിലെ അഞ്ചിന് നടക്കും. പള്ളിയിലും ഹാളുകളിലുമായാണ് ഇത് ഒരുക്കിയിട്ടുള്ളത്. അതേസമയം, വൈകിട്ട് മൂന്നരയ്ക്കാണ് സീറോ മലബാര്‍ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിക്കുക. ഇത് പള്ളിയിലും ക്‌ളാസ് റൂമുകളിലുമായി നടക്കും.

ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍

ദുഃഖ വെള്ളിയാഴ്ചയിലെ സീറോ മലബാര്‍ തിരുകര്‍മ്മങ്ങള്‍ പുലര്‍ച്ചെ നാലിന് മലയാളത്തില്‍ നടക്കും. ഉച്ചയ്ക്ക് 12 ന് ലാറ്റിന് മലയാളത്തില്‍ ആരംഭിക്കും. രണ്ടു പരിപാടികളും പള്ളിയിലും ഹാളുകളിലുമായാണ് വിശ്വാസികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ദുഃഖ ശനിയാഴ്ചയിലെ സീറോ മലബാര്‍ കര്‍മ്മങ്ങള്‍ രാവിലെ അഞ്ചരയ്ക്കും, ലാറ്റിന്‍ മലയാളത്തിലേത് രാത്രി ഏഴരയ്ക്കുമാണ്.

ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍

ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ നാലിന് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനും, ഉച്ചയ്ക്ക് രണ്ടരയ്ക്കും സീറോ മലബാര്‍ പ്രകാരം ഉയര്‍പ്പിന്റെ ചടങ്ങുകളും ദിവ്യബലിയും നടക്കും. ഞായറാഴ്ച രാത്രി 8.15 ന് ലാറ്റിന്‍ മലയാളം തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും അറുപത് വയസ് കഴിഞ്ഞവര്‍ക്കും പള്ളിയില്‍ പ്രവേശനം അനുവദിക്കില്ലെന്ന് പള്ളിയിലെ മലയാളി സമൂഹത്തിന്റെ ചുമതല വഹിക്കുന്ന സഹ വികാരി ഫാദര്‍ ജോസ് വട്ടുകുളത്തില്‍ ‘ജയ്ഹിന്ദ് ന്യൂസിനോട് ‘ പറഞ്ഞു. എല്ലാ ചടങ്ങുകളും പൂര്‍ണ്ണമായും കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഒരുക്കിയിട്ടുള്ളത്.