ചിന്തയുടെ വാദം പൊളിഞ്ഞു: 8.50 ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ച് സർക്കാർ; സാമ്പത്തിക പ്രതിസന്ധിക്കിടയിലെ കടുംവെട്ട് തുടരുന്നു

Jaihind Webdesk
Tuesday, January 24, 2023

തിരുവനന്തപുരം: വിവാദങ്ങൾ അലയടിക്കുന്നതിനിടയിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്താ ജെറോമിന്‍റെ ശമ്പളം മുൻ കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപയാക്കി അനുവദിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും വിവാദ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം ശിവശങ്കറാണ് ഉത്തരവിറക്കിയത്.

സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്താ ജെറോമിന് മുൻ കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിക്കുന്നതിനെതിരെ പരക്കെ വിമർശനം അലയടിക്കുമ്പോഴാണ് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവ് പ്രകാരം 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തയ്ക്ക് ലഭിക്കുന്നത്. മുൻകാല പ്രബാല്യം അംഗീകരിച്ചതോടെ ഈയിനത്തില്‍ 8.50 ലക്ഷം രൂപ ചിന്തയ്ക്ക് ലഭിക്കും.

6.1.2017 മുതൽ 26.5.2018 വരെയുള്ള കാലഘട്ടത്തിൽ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. 26. 5.18 മുതൽ ശമ്പളം 1 ലക്ഷം രൂപയായി സർക്കാർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. ശമ്പള കുടിശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 20.8.22 ന് സർക്കാരിന് കത്തെഴുതിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയത്.

സാമ്പത്തിക പ്രതിസന്ധികൾക്കിടെ ചിന്താ ജെറോമിന് ശമ്പള കുടിശിക അനുവദിക്കാൻ ധനവകുപ്പിന്‍റെ നീക്കം വിവാദമായപ്പോൾ താൻ സർക്കാരിനോട് കുടിശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്താ ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നത്. നേരത്തെ ചിന്തയുടെ ആവശ്യം ധനവകുപ്പ് തള്ളിയെങ്കിലും മന്ത്രി മുഹമ്മദ് റിയാസിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി പുനർവിചിന്തനം നടത്തിയെന്ന ആരോപണവും ഉയർന്നിരുന്നു.

26.5.18 ലാണ് യുവജനകമ്മീഷന് സ്പെഷ്യൽ റൂൾ നിലവിൽ വരുന്നത്. അന്ന് മുതലാണ് ശമ്പളം 1 ലക്ഷമായി തീരുമാനിച്ചത്. ഇന്ന് സർക്കാർ ഇറക്കിയ ഉത്തരവിൽ 26.9.22 ലെ ഉത്തരവും റദ്ദ് ചെയ്തിട്ടുണ്ട്. സ്പെഷ്യൽ റൂൾ നിലവിൽ വരുന്നതിന് മുമ്പുള്ള കാലയളവിലെ ശമ്പളം 1 ലക്ഷമായി മുൻകാല പ്രാബല്യത്തോടെ അനുവദിച്ചത് നിലവിലെ സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന വേളയിൽ ചിന്താ ജെറോമിന് മുൻ കാല പ്രബല്യത്തോടെ ശമ്പളമുയർത്തിയതിനെതിരെ ശക്തമായ പ്രതിഷേധമുയരുകയാണ്.