ചിന്താ ജെറോമിനെ അയോഗ്യയാക്കണം; ലോകായുക്തയില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, January 7, 2023

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ യൂത്ത് കോണ്‍ഗ്രസ് പരാതി. സിവിൽ കോടതിയുടെ അധികാരമുള്ള അർധ ജുഡീഷ്യൽ സ്ഥാപനമായ യൂത്ത് കമ്മീഷന്‍റെ അധ്യക്ഷ സിപിഎമ്മിന്‍റെ പരിപാടികളിൽ പങ്കെടുക്കുന്നത് നിയമപരമായി ശരിയല്ലെന്ന് പരാതിയിൽ ബിനു ചുള്ളിയില്‍ ചൂണ്ടിക്കാട്ടി. ചിന്താ ജെറോമിനെ അയോഗ്യയാക്കണമെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.

ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി പരിപാടികളില്‍ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പങ്കെടുത്തു. ഇത് കമ്മീഷന്‍റെ സുതാര്യമായ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. യുവജന കമ്മീഷൻ എന്ത് ലക്ഷ്യത്തിനായാണോ രൂപീകരിച്ചത്, അതിന് വിപരീതമായാണ് കമ്മീഷൻ അധ്യക്ഷയുടെ പ്രവർത്തനമെന്ന്  പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കുന്ന ചിന്താ ജെറോം തല്‍സ്ഥാനത്ത് തുടരാന്‍ അർഹയല്ലെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് നേരത്തെ ഗവർണർക്കും പരാതി നല്‍കിയിരുന്നു.