ചിന്തൻ ശിബിരത്തിന് പ്രൗഢഗംഭീരമായ തുടക്കം; കെപിസിസി പ്രസിഡന്‍റ് പതാക ഉയർത്തി

Jaihind Webdesk
Saturday, July 23, 2022

കോഴിക്കോട്: കോൺഗ്രസിന്‍റെ നവ സങ്കൽപ്പ് ചിന്തൻ ശിബിരത്തിന് കോഴിക്കോട് ആവേശകരമായ തുടക്കം. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി പതാക ഉയർത്തിയതോടെ ശിബിരത്തിന് തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചിന്തൻ ശിബിരത്തിൽ 191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

രാജസ്ഥാനിലെ ഉദയ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച ദേശീയ ചിന്തൻ ശിബിരത്തിന്‍റെ തീരുമാനപ്രകാരമാണ് പാർട്ടി നേതാക്കൾക്കായി കെപിസിസി പഠന-ചർച്ചാ വേദിയൊരുക്കുന്നത്. കെപിസിസി ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, ഡിസിസി പ്രസിഡന്‍റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡന്‍റുമാർ, ദേശീയ ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ എന്നിവരാണ് പ്രതിനിധികൾ.

എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, താരിഖ് അൻവർ, സെക്രട്ടറി വിശ്വനാഥൻ പെരുമാൾ, ദിഗ് വിജയ് സിംഗ് എന്നിവർ ദേശീയ നേതൃത്വത്തിൽ നിന്ന് പങ്കെടുക്കുന്നുണ്ട്. ആകെ 191 പ്രതിനിധികൾ. 5 വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ചർച്ചകൾ. ഇതിനായി 5 സമിതികളെ നേരത്തെ നിയോഗിച്ചിരുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കർമ്മപദ്ധതികൾ തയാറാക്കിയിരിക്കുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചെയർമാനും എം.ജെ ജോബ് കൺവീനറുമായ സമിതിയാണ്. രാഷ്ട്രീയ കാര്യം- വി.കെ ശ്രീകണ്ഠൻ എം.പി ചെയർമാൻ, എഎ ഷുക്കൂർ കൺവീനർ, സാമ്പത്തികം- ബെന്നി ബഹന്നാൻ എം.പി ചെയർമാൻ, വി.പി പ്രതാപചന്ദ്രൻ കൺവീനർ, സംഘടന – എം.കെ രാഘവൻ എം.പി ചെയർമാൻ, ബി.എ അബ്ദുൾ മുത്തലിബ് കൺവീനർ, ഔട്ട് റീച്ച്- കൊടിക്കുന്നിൽ സുരേഷ് എം.പി ചെയർമാൻ, ആര്യാടൻ ഷൗക്കത്ത്- കൺവീനർ എന്നിങ്ങനെയാണ് മറ്റ് സമിതികൾ.

പ്ര‌തിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ‌എം.എം ഹസൻ, കൊടിക്കുന്നിൽ സുരേഷ് എംപി, പത്മജ വേണു​ഗോപാൽ തുടങ്ങിയ നേതാക്കൾ പതാക ഉയർത്തൽ ചടങ്ങിനെത്തി. സേവാ ദൾ വളണ്ടിയർമാരുടെ ​​ഗാർഡ് ഓഫ് ഓണറിന് ശേഷമാണ് പതാക ഉയർത്തൽ ചടങ്ങ് നടത്തിയത്. എല്ലാവരും ത്രിവർണ പതാക വന്ദിച്ച് സല്യൂട്ട് ചെയ്തു. പ്രത്യേക ​ഗായക സംഘം ദേശീയ ​ഗാനം ആലപിച്ചു. മൺമറഞ്ഞ നേതാക്കളെക്കുറിച്ചും പാർട്ടിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചുമുള്ള ദേശഭക്തി ​ഗാനങ്ങളും ആലപിക്കപ്പെട്ടു.  കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട് യാർഡിലാണ് രണ്ടു ദിവസത്തെ ചിന്തൻ ശിബിരം നടക്കുന്നത്.