ആണവക്കരാർ അട്ടിമറിക്കാന്‍ ചൈന ഇടതുപാർട്ടികളെ ഉപയോഗപ്പെടുത്തി ; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ വിദേശകാര്യ സെക്രട്ടറി

Jaihind Webdesk
Tuesday, August 3, 2021

 

ന്യൂഡൽഹി : ഇടതുപാര്‍ട്ടികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. അമേരിക്കയുമായുള്ള ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെയും  ഉപയോഗിച്ചെന്ന് വിജയ് ഗോഖലെ പറയുന്നു. ഗോഖലെയുടെ പുതിയ പുസ്തകത്തിലാണ് പുസ്തകത്തിലാണ് സിപിഎമ്മിനും സിപിഐക്കും എതിരായ വെളിപ്പെടുത്തല്‍.

മുന്‍ വിദേശകാര്യ സെക്രട്ടറിയും ചൈനയിലെ ഇന്ത്യന്‍ അംബാസിഡറുമായ വിജയ്‌ ഗോഖലെയുടെ പുതിയ പുസ്തകമായ ‘ലോംഗ് ഗെയിം, ഹൗ ദ ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ’ എന്ന പുസ്തകത്തിലാണ് ഇടതുപാർട്ടികള്‍ക്കെതിരായ ഗുരുതര ആരോപണം. ഇന്ത്യയും ചൈനയുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച പുസ്തകത്തിലാണ് ഇടതുപാര്‍ട്ടികളെ പ്രതിക്കൂട്ടില്‍ നിർത്തുന്ന വെളിപ്പെടുത്തലുകളുള്ളത്. ടിബറ്റ് വിഷ‍യം, പൊഖ്റാനിലെ ആണവ പരീക്ഷണം, സിക്കിം വിഷയം, ഇന്ത്യ-യു.എസ് ആണവ കരാർ, മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കൽ എന്നിവയാണ് മറ്റ് വിഷയങ്ങൾ.

യുപിഎ ഭരണകാലത്ത് ഇന്ത്യ-അമേരിക്ക ആണവ കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെയും ഇടത് അനുകൂല മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി എന്ന് ഗോഖലെ പുസ്തകത്തില്‍ വ്യക്തമായും പരാമർശിക്കുന്നുണ്ട്. ആണവകരാറില്‍ ചൈനയ്ക്ക് ആശങ്കയുണ്ടായിരുന്നു. കരാറിനെതിരേ ആഭ്യന്തര എതിര്‍പ്പുയര്‍ത്താന്‍ ചൈന ഇന്ത്യയിലെ ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്നാണ് പുസ്തകത്തിലെ ആരോപണം.

ആണവക്കരാറില്‍ പ്രതിഷേധിച്ച് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ചൈന ഓപ്പറേഷന്‍ നടത്തിയ ആദ്യ സംഭവമാണിതെന്നും ഗോഖലെ ചൂണ്ടിക്കാട്ടി. ചികിത്സയ്‌ക്കോ യോഗങ്ങളില്‍ പങ്കെടുക്കാനോ ചൈനയില്‍ പോകുന്നതിന്‍റെ മറവില്‍ ഇടതുനേതാക്കള്‍ ചൈനയുമായി അടുത്ത ബന്ധം സ്ഥാപിച്ചു എന്ന ഗുരുതര ആരോപണവും പുസ്തകത്തിലുണ്ട്. 39 വര്‍ഷത്തെ നയതന്ത്ര സര്‍വീസുള്ള ഗോഖലെ 20 വര്‍ഷത്തിലധികം ചൈനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.