വിവാദ കെ റെയില്‍ വരെ പരിചയപ്പെടുത്തി ദുബായ് വേള്‍ഡ് എക്‌സ്‌പോയില്‍ കേരളം; കേരള വാരാചരണത്തിന് മുഖ്യമന്ത്രിയും ഭാര്യയും രണ്ട് മക്കളും എത്തി

JAIHIND TV DUBAI BUREAU
Saturday, February 5, 2022

കേരള വീക്കിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി രാജീവ്, വ്യവസായികളായ എംഎ യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, എംഎ അഷ്‌റഫലി എന്നിവര്‍

ദുബായ്: വേള്‍ഡ് എക്‌സ്‌പോയില്‍ കേരള വാരാചരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാനത്തിന്‍റെ നിക്ഷേപ അവസരങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയാണ് കേരള വാരാചരണത്തിന് തുടക്കമായത്. കേരളത്തിന്‍റെ വിവാദ പദ്ധതിയായ കെ റെയില്‍ വരെ പരിചയപ്പെടുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയത്. യുഎഇ രാജ്യാന്തര വ്യാപാര മന്ത്രി താനി ബിന്‍ അഹ്മദ് അല്‍ സെയൂദി മുഖ്യാതിഥിയായി. പുതിയ കാലത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുബായ് വേള്‍ഡ് എക്‌സ്‌പോയിലെ കേരള വാരാചരണത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായിയുടെ മകന്‍ വിവേകും ഭാര്യയും മുന്‍ നിരയില്‍. പിന്നില്‍ ഭാര്യ കമലയും മകള്‍ വീണയും

നിക്ഷേപം നടത്തുന്നവര്‍ക്ക് സുതാര്യമായ രീതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കുമെന്ന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രി പി രാജീവും ഉറപ്പ് നല്‍കി. വ്യവസായി എംഎ യൂസഫലി, എംഎ അഷ്‌റഫ് അലി, ഡോ. ആസാദ് മൂപ്പന്‍, അദീബ് അഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദുബായ് എക്സ്പോയില്‍ കേരളവാരത്തിന്‍റെ ഭാഗമായി സാംസ്‌കാരിക പരിപാടികളും നടന്നു. നടന്‍ മമ്മൂട്ടി ചടങ്ങില്‍ അതിഥിയായി സംബന്ധിച്ചു. യുഎഇ ഇമറാത്തികളും മലയാളികളും തമ്മിലെ സാംസ്‌കാരിക അടുപ്പം വളരെ മികച്ചതാണെന്ന് യുഎഇ മന്ത്രി റീം ആല്‍ ഹാഷ്മി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകന്‍ വിവേകും ഭാര്യയും മകള്‍ വീണ എന്നിവരും ചടങ്ങിന് എത്തിയിരുന്നു. ഇന്ത്യാ പവലിയനിലെ കേരളത്തിന്‍റെ ഈ ആഘോഷം ഇനി ഒരാഴ്ച നീണ്ടുനില്‍ക്കും.