അഞ്ചിലും ആറിലും വേറെ കണക്കുകൾ; ഫർസിൻ മജീദിനെതിരായ വാക്കുകൾ തിരുത്തി മുഖ്യമന്ത്രി

Jaihind Webdesk
Monday, September 5, 2022

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർസിൻ മജീദിനെതിരായ വാക്കുകൾ തിരുത്തി മുഖ്യമന്ത്രി. അഞ്ചാം സമ്മേളനത്തിൽ ഫർസിൻ മജീദിനെതിരെ 19 കേസുകൾ ഉണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ ആറാം സമ്മേളനത്തിൽ ഇത് ഏഴ് കേസുകൾ മാത്രമാണെന്ന് മുഖ്യമന്ത്രി രേഖാമൂലം മറുപടിയും നൽകി.

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിൽ പോലീസ് വകുപ്പിന്റെ ധനാഭ്യർത്ഥന ബില്ലിലെ ചർച്ചയിലാണ് വിമാന പ്രതിഷേധ കേസ് സഭയിൽ ഉന്നയിച്ചത്. വിഷയം അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വിമാനത്തിൽ ഉണ്ടായ സംഭവങ്ങൾ നിയമസഭയെ ധരിപ്പിച്ചു. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത പോലീസ് ഇപി ജയരാജനെതിരെ കേസെടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വിമാനത്തിൽ തനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഫർസിൻ മജീദ് 19 കേസുകളിൽ പ്രതിയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ആറാം സമ്മേളനത്തിൽ സജീവ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറ്റൊരു ഉത്തരം നൽകുന്നത്. ഫർസിന് മജീദ് ഏഴ് കേസുകളിൽ പ്രതിയാണെന്നാണ് മുഖ്യമന്ത്രി സഭയിൽ രേഖാമൂലം മറുപടി നൽകിയത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇപി ജയരാജനെതിരെ പിന്നീട് കേസെടുത്തത്.