കള്ളവോട്ട്: പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് നടന്നത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കളക്ടര്‍മാരുടെ റിപ്പോർട്ടുകളാണ് കൈമാറുക. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടാല്‍ ഇതുസംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കും.

കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നതിനെ കുറിച്ചുള്ള ജില്ലാ കളക്ടർ മിർ മുഹമ്മദ് അലിയുടെയും കണ്ണൂർ ജില്ലാ കളക്ടറുടെയും റിപ്പോർട്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുന്നത്. കള്ളവോട്ട് നടക്കുന്ന ദൃശ്യങ്ങൾ യു.ഡി.എഫ് പുറത്തുവിട്ടതിനു പിന്നാലെ വിഷയത്തെ കുറിച്ച് കാസർഗോട്ടെയും കണ്ണൂരിലെയും കളക്ടർമാരോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പ്രിസൈഡിംഗ് ഓഫീസറെയും വെബ് ക്യാമറയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും ബൂത്ത് തലത്തിൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും നേരിട്ട് വിളിച്ചതിനു ശേഷമാണ് കളക്ടർ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയിട്ടുള്ളത്. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ അറിയിച്ചു.

കള്ളവോട്ടു ചെയ്തുവെന്ന വാർത്തകളെ കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിധത്തിൽ വിഷയത്തെ അന്വേഷിച്ച് വസ്തുനിഷ്ഠമായ റിപ്പോർട്ട് നൽകാനാണ് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടതെന്നും ടീകാ റാം മീണ പറഞ്ഞു. കള്ളവോട്ട് നടന്നുവെന്ന് വെബ് ക്യാമറയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കളക്ടറെ അറിയിച്ചുവെന്നാണ് വിവരം.

കാസര്‍ഗോഡ് ലോക്സഭാമണ്ഡലത്തില്‍ വ്യാപകമായ കള്ളവോട്ടാണ് സി.പി.എം നടത്തിയത്. ഇവിടുത്തെ 110 ബൂത്തുകളില്‍ റീ പോളിംഗ് വേണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Teeka Ram Meenabogus vote
Comments (0)
Add Comment