ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണം; പ്രദേശവാസികളായ 6 പേരെ കസ്റ്റഡിയിലെടുത്ത് സെെന്യം

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു. അതേസമയം പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവർ ഭീകരരെ സഹായിച്ചോ എന്ന വിവരങ്ങള്‍ അറിയാന്‍ ഇവരെ വിശദമായി ചോദ്യം ചെയ്യും. പൂഞ്ചിലെ സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് നീങ്ങുകയായിരുന്ന വ്യോമസേനാ വാഹനവ്യൂഹനത്തിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്.

ശനിയാഴ്ച വൈകുന്നേരമാണ് വ്യോമസേനാ അംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. പൂഞ്ചിലെ സുരൻകോട്ടയിലാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ നാലുപേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നാലു പേരാണ് ഭീകരരുടെ സംഘത്തിലുണ്ടായിരുന്നത്. ആക്രമണത്തിനു ശേഷം ഭീകരർ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ബുഫ്‌ലിയാസിൽ ആക്രമണം നടത്തിയ സംഘം തന്നെയാണ് ഇതെന്നാണ് സംശയിക്കുന്നത്. ഡിസംബർ 21 ന് നടന്ന ഭീകരാക്രമണത്തില്‍ നാലു സൈനികർ വീരമൃത്യു വരിക്കുകയും മൂന്നു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Comments (0)
Add Comment