ഛത്തീസ്ഗഢ്, മിസോറം വോട്ടെടുപ്പ് പുരോഗമിക്കുന്നു

Jaihind Webdesk
Tuesday, November 7, 2023

 

വാശിയേറിയ പ്രചാരണത്തിന് പിന്നാലെ ഛത്തീസ്ഗഢിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. പോളിംഗ് മന്ദഗതിയിലാണ്. ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ ഛത്തീസ്ഗഢിൽ 10 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. 40 ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക.

മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തർ, ദന്തേവാഡ, സുക്മ, ബീജാപൂർ, കാങ്കീർ, രാജ്‌നന്ദഗാവ്, നാരായൺപുർ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പിൽ പോളിംഗ് ബൂത്തിലെത്തുക. അർധ സൈനികവിഭാഗങ്ങളും സംസ്ഥാന പോലീസും ഈ ജില്ലകളിൽ പൂർണ്ണമായും വിന്യസിച്ചിരിക്കുകയാണ്. പ്രശ്‌നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ സുരക്ഷ അടക്കം ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മിസോറമില്‍ 18 ശതമാനം പോളിംഗാണ് ആദ്യ മൂന്നു മണിക്കൂറില്‍ രേഖപ്പെടുത്തിയത്.