പാട്ടിൽ മോദി എന്ന പേര് ആവർത്തിച്ചു; കാസ്റ്റ്‌ലെസ് കളക്ടീവിനെ വിലക്കി പൊലീസ്

Jaihind Webdesk
Tuesday, January 29, 2019

Casteless-Collective

പാട്ടിൽ മോദി എന്ന പേര് ആവർത്തിച്ചതിന്റെ പേരിൽ ബാൻഡിനെ വിലക്കി പൊലീസ്. സംവിധായകൻ പാ രഞ്ജിത്തിന്‍റെ കാസ്റ്റ്‌ലെസ് കളക്ടീവ് എന്ന ബാന്‍റിനെയാണ് പാട്ട് പാടുന്നതിൽ നിന്ന് തമിഴ്‌നാട് പൊലീസ് തടഞ്ഞത്. ചെന്നൈയിൽ നടന്ന ജാതിരഹിത കൂട്ടായ്മയ്ക്കിടയിലായിരുന്നു സംഭവം.

ബാൻറിന്‍റെ പ്രകടനത്തിനിടയിൽ മോദി എന്ന് പേര് ആവർത്തിച്ച് കടന്നു വന്നതോടെ പരിപാടി നിർത്താൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. സാംസ്‌കാരിക പരിപാടിക്കാണ് അനുമതി നൽകിയതെന്നും എന്നാൽ പ്രധാനമന്ത്രിയെ കുറിച്ച് പാടിയതോടെ രാഷ്ട്രീയമായ കാര്യങ്ങളിലേക്ക് പരിപാടി മാറിയെന്നും പൊലീസ് പറയുന്നു.

എന്നാൽ, രാജ്യത്തിന്‍റെ ആകെയുള്ള അവസ്ഥയെ കുറിച്ചാണ് തങ്ങൾ പാടിയതെന്ന് കാസ്റ്റ്‌ലെസ് കളക്ടീവ് പറഞ്ഞു. മോദി എന്നത് ലളിത് മോദിയോ നീരവ് മോദിയോ ഒക്കെ ആകാം. പൊലീസിന്റെ നടപടി ആവിഷ്‌കാര സ്വതന്ത്ര്യത്തിനന്മേലുള്ള കടന്ന് കയറ്റമാണെന്നും സംഘാടകർ ആരോപിച്ചു.

നേരത്തെ, ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ച് രംഗത്തെത്തിയ സംഘമാണ് കാസ്റ്റ്‌ലെസ് കളക്ടീവ്. ഇതിനിടെ മോദി തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസം സന്ദർശിക്കാൻ എത്തും മുമ്പ് ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ‘ഗോ ബാക്ക് മോദി’ എന്ന ഹാഷ് ടാഗിൽ പതിനായിരക്കണക്കിന് ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളുമാണ് പ്രചരിച്ചത്.