ഇത് ‘ചാര്‍ട്ടേര്‍ഡ് ബുക്ക് ‘ റീഡിംഗ് വിമാനം : ക്വാറന്‍റൈനില്‍ വായിക്കാന്‍ പുസ്തകം ; “ഓര്‍മകളിലേക്ക് മടങ്ങി വരുന്നവര്‍”ക്ക് പറയാന്‍ ഇനി വായന തിരിച്ചുകിട്ടിയ അനുഭവങ്ങള്‍

B.S. Shiju
Sunday, June 28, 2020

 

ദുബായ് : മൊബൈല്‍ ഫോണില്‍ തലകുനിച്ചിരുന്ന് ക്വാറന്‍റൈനില്‍ ദിവസങ്ങോളം ‘തള്ളി’ നീക്കുന്നവര്‍ക്ക് ഇനി തല ഉയര്‍ത്തി നില്‍ക്കാം. അതും അന്തസ്സായി തല ഉയര്‍ത്തി നില്‍ക്കാന്‍ വഴി തുറക്കുകയാണ് യുഎഇയിലെ ഒരുസംഘം പുസ്തക പ്രേമികള്‍. ഒപ്പം, ക്വാറന്‍റൈന്‍ കാലത്ത് പുസ്തക വായനയെ കൂടുതല്‍ സജീവമാക്കാനും ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നു.

പ്രവാസി എഴുത്തുകാരന്‍ ഇ കെ ദിനേശന്‍റെ നേതൃത്വത്തിലാണ് ഈ വ്യത്യസ്തമാര്‍ന്ന ആശയം നടപ്പാക്കിയത്. ഇതിന്‍റെ ഭാഗമായി വിമാന യാത്രക്കാര്‍ക്ക് നാട്ടില്‍ ക്വാറന്‍റൈന്‍ ദിവസങ്ങളില്‍ വായിക്കാന്‍ പുസ്തകം സമ്മാനിച്ചു. മലയാളത്തിന്‍റെ പ്രിയ നേവലിസ്റ്റ് എം മുകുന്ദന്‍റെ ‘ഓര്‍മകളിലേക്ക് മടങ്ങി വരുന്നവര്‍’ എന്ന പുസ്തകമാണ് വിമാന യാത്രകാര്‍ക്ക് വിതരണം ചെയ്തത്. പേരു പോലെ, പ്രവാസികളെ വീണ്ടും ഓര്‍മ്മകളിലേക്ക് മടക്കി കൊണ്ടുവരാന്‍ പ്രചോദനമാകുന്ന പുസ്തകമാണിതെന്ന് യാത്രക്കാരും പറയുന്നു. ഇതോടെ മാസ്‌കും പി.പി.ഇ കിറ്റും മറ്റുമായി യാത്രാക്കിറ്റുകള്‍ നല്‍കുന്ന പതിവ് ‘ചാര്‍ട്ടേര്‍ഡ് കാഴ്ചകളില്‍’ നിന്ന് ഈ അനുഭവം വ്യത്യസ്തമായി.

ജനത കള്‍ച്ചറല്‍ സെന്‍റര്‍ (ജെ.സി.സി) കോഴിക്കോട്ടേക്ക് ഏര്‍പ്പെടുത്തിയ ആദ്യ ചാര്‍ട്ടര്‍ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് വായനയുടെ പുതിയ അനുഭവങ്ങള്‍ കിട്ടിയത്.  വടകര എന്‍. ആര്‍ ഐ ഫോറം, പയ്യോളി പെരുമ എന്നീ പ്രാദേശിക കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് ചാര്‍ട്ടര്‍ വിമാനം ഏര്‍പ്പെടുത്തിയത്. മലബാര്‍ മേഖലയിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക് ഷാര്‍ജ എയര്‍പോര്‍ട്ടില്‍, ജെ.സി.സി പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ചാര്‍ട്ടര്‍ വിമാനം യാഥാര്‍ഥ്യമാക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച സുനില്‍ മയ്യന്നൂര്‍, ഇ.കെ ദിനേശന്‍, സുനില്‍ തച്ചന്‍കുന്ന് എന്നിവരെ കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു.

ജനത കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് പി.ജി രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി രാജന്‍ കോളാവിപാലം, മസ്ഹറുദ്ദീന്‍, സി.എം ഇസ്മാഈല്‍ ഏറാമല, ഷാജി കൊയിലോത്ത്, ടെന്നിസണ്‍ ചേന്നപ്പള്ളി എന്നിവര്‍ പങ്കെടുത്തു.