“ഞങ്ങളും നിതിനെ പോലെ മടങ്ങേണ്ടി വരോ ? ” പ്രവാസികളുടെ വേദനകള്‍ പങ്കുവെച്ച് നിതിന്‍ അനുസ്മരണം : നിതിന്‍ ഓര്‍മ്മകളില്‍ ഇനി സൗജന്യ വിമാന ടിക്കറ്റും | VIDEO

Jaihind News Bureau
Saturday, June 13, 2020

ദുബായ് : ഹൃദയാഘാതം മൂലം ദുബായില്‍ അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തകനായ എഞ്ചിനീയര്‍ കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിന്‍ ചന്ദ്രന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ കേരളത്തിലും യുഎഇയിലും വിവിധ ജീവകാരുണ്യ പദ്ധതികള്‍ക്ക് തുടക്കമാകുന്നു. നിതിന്‍ അനുസ്മരണത്തിലാണ് ഈ പ്രഖ്യാപനം ഉയര്‍ന്നത്. ആദ്യഘട്ടമെന്ന നിലയില്‍ നിതിന്‍ ചന്ദ്രന്റെ ഓര്‍മ്മകളില്‍, ഇനി കേരളത്തില്‍ എവിടേയും ആവശ്യക്കാര്‍ക്ക് രക്തം എത്തിച്ച് കൊടുക്കാന്‍ പ്രത്യേക ആപ്പ് സംവിധാനം ആരംഭിക്കും.

രക്തം വീടുകളില്‍ എത്തിയ്ക്കാന്‍ നിതിന്‍ രക്തദാന ആപ്പ്

യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവികളായ യുവതീ-യുവാക്കളുടെ കൂട്ടായ്മയായ, ഇന്‍കാസ് യൂത്ത് വിങ് സംഘടിപ്പിച്ച നിതിന്‍ അനുസ്മരണത്തിലാണ് ഇതുസംബന്ധിച്ച പദ്ധതികള്‍ പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷാഫി പറമ്പില്‍ എം എല്‍ എ  വീഡിയോ വഴി നടത്തിയ സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു.
രക്തം ദാനം ചെയ്യുക എന്നത് ,സമൂഹ മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങുന്ന കാലത്ത്, ഇതിന്റെ പ്രാധാന്യം വിളിച്ചറിച്ചാണ്, കേരളത്തിലെങ്ങും ആവശ്യക്കാര്‍ക്ക് യഥാസമയം രക്തം എത്തിക്കാന്‍ ഈ ആധുനിക സംവിധാനത്തിന് തുടക്കമിടുന്നത്.  യൂത്ത് കോണ്‍ഗ്രസിന് കീഴിലെ യൂത്ത് കെയര്‍ ഇതിന് ചുക്കാന്‍ പിടിക്കും.

നിതിന്റെ പേരില്‍  സൗജന്യ വിമാന ടിക്കറ്റുകള്‍

കൊവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ പ്രഖ്യാപിച്ച 101 സൗജന്യ വിമാന ടിക്കറ്റ് എന്ന പദ്ധതി , 250 വിമാന ടിക്കറ്റുകളാക്കി ഉയര്‍ത്തിയെന്നും ഇതും ഇനി നിതിന്റെ പേരിലാണ് അറിയപ്പെടുകയെന്ന് ഷാഫി പറഞ്ഞു. നിതിന്റെ ഭാര്യ ആതിര ഗര്‍ഭിണിയായ സമയത്ത് , ഇന്ത്യയിലെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത നാട്ടിലേക്ക് മടങ്ങിയ സംഭവത്തിന്റെ ഓര്‍മ്മകളില്‍, ഇനി ഇത്തരം വിമാന ടിക്കറ്റുകള്‍, നാട്ടിലേക്ക് മടങ്ങാന്‍ ബുദ്ധിമുട്ടുന്ന ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങള്‍ക്കായി മാറ്റിവെയ്ക്കുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. ഇതുപോലെ, ഇനിയും കൂടുതല്‍ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നും അദേഹം അനുസ്മരണ സമ്മേളനത്തില്‍ വ്യക്തമാക്കി.

“സാങ്കേതികത്വം പറഞ്ഞ് പ്രവാസികളുടെ മടക്കയാത്ര വൈകിപ്പിക്കുന്നു”

ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ മടക്കയാത്രയ്ക്കുള്ള മിഷന്റെ പേരുകളെല്ലാം കൊളളാമെങ്കിലും, പ്രവാസി മടക്കയാത്ര അത് വലിയ പരാതികളോടെയാണ് നടക്കുന്നതെന്നും അദേഹം പരാതിപ്പെട്ടു. പ്രവാസി കേരളത്തിന്റെ നട്ടെല്ല് ആണെന്ന് പറയുന്നവര്‍ തന്നെ,  സാങ്കേതികത്വം പറഞ്ഞ് പ്രവാസികളുടെ മടക്കയാത്ര വൈകിപ്പിക്കാനും മുടക്കാനും ശ്രമിക്കുകയാണെന്നും ഷാഫി പറമ്പില്‍ അനുസ്മരണ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇനിയും കൂടുതല്‍ പ്രവാസികള്‍ കൂടി നാട്ടില്‍ മടങ്ങി എത്താനുള്ള സംവിധാനമാണ് ആവശ്യമായുള്ളത്.

പങ്കെടുത്ത് സാമൂഹ്യ-സാസ്‌കാരിക-മാധ്യമ മേഖലകളില്‍ നിന്നുള്ളവര്‍

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍, മാധ്യമ പ്രവര്‍ത്തകരായ എല്‍വിസ് ചുമ്മാര്‍ ( ജയ്ഹിന്ദ് ടി വി, മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് ),  എം സി എ നാസര്‍ ( മീഡിയാ വണ്‍ ന്യൂസ് ഹെഡ് , മിഡില്‍ ഈസ്റ്റ് ), ഐശ്വര്യ നായര്‍ ( ട്വന്റി ഫോര്‍ ന്യൂസ് ) , അഡ്വ. വൈ എ റഹിം, അഡ്വ. ടി കെ ഹാഷിക്, എന്‍ ആര്‍ മായന്‍ , യേശൂശീലന്‍ , കെ സി അബൂബക്കര്‍, ഫൈസല്‍ തഹാനി, നസീര്‍ മുറ്റിച്ചൂര്‍, അനുര മത്തായി, ഉണ്ണി പുന്നാര (ബ്‌ളഡ് ഡോണേഴ്‌സ് കേരള, യുഎഇ ), ഹൈദര്‍ തട്ടതാഴത്ത്, ജിജോ ചിറക്കല്‍, സനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ശ്രീകുമാര്‍ ബാലചന്ദ്രന്‍ മോഡറേറ്റായി.

ബ്‌ളഡ് ഡോണേഴ്‌സ് കേരള -യുഎഇ

നിതിന്‍ ഇല്ലാത്ത ആദ്യ രക്തദാന ക്യാംപിന് യുഎഇയിലെ, ബ്‌ളഡ് ഡോണേഴ്‌സ് കേരള ( ബി ഡി കെ )  മൂന്ന് സ്ഥലത്ത് വേദികള്‍ ഒരുക്കി. നേരത്തെ ബി ഡി കെയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അന്തരിച്ച നിതിന്‍ ചന്ദ്രന്‍. അതിനാല്‍ നിതിന്റെ ഓര്‍മ്മകളിലാണ് ദുബായ് , റാസല്‍ ഖൈമ, ഫുജൈറ എന്നീ മൂന്ന് എമിറേറ്റുകളിലാണ് ഇത്തരം ക്യാംപുകള്‍ ഒരുക്കിയത്. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ രക്തം ദാനം ചെയ്തു. ഉണ്ണി പുന്നാര , ബിബിന്‍ ജേക്കബ്, അനൂപ് നീലഞ്ചേരി, രണ്‍ജിത്ത് വിശ്വനാഥ് ( ദുബായ് ),  മോഹന്‍ പങ്കത്ത്, നോബിള്‍ തരകന്‍ ( റാസല്‍ഖൈമ ), നിതിന്‍, മുഹമ്മദ് നിഷാന്‍ ( ഫുജൈറ ) എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി. ഇനി വൈകാതെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നിതിന്റെ ഓര്‍മ്മയ്ക്കായി രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.