‘ഗ്രീഷ്മ കഷായത്തില്‍ വിഷം കലർത്തി നല്‍കി കൊലപ്പെടുത്തി’; ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം

Jaihind Webdesk
Wednesday, January 25, 2023

 

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കഷായത്തിൽ വിഷം കലർത്തി കാമുകനായ ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85-ാത്തെ ദിവസമാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഗ്രീഷ്മ ഒന്നാം പ്രതിയായ കേസില്‍ അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവൻ നിർമ്മൽകുമാരൻ നായർ മൂന്നാം പ്രതിയുമാണ്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഗ്രീഷ്മക്കെതിരെ 364-ാം വകുപ്പും ചുമത്തിയിട്ടുണ്ട്. വിഷം നൽകാനായി പ്രലോഭിപ്പിച്ച് ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതിനാണ് ഈ വകുപ്പ് ചുമത്തിയത്.

2022 ഒക്ടോബർ 14 നാണ് തമിഴ്നാട്ടിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാരോണ്‍ ഒക്ടോബർ 25ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടക്കത്തില്‍ കേസ് അന്വേഷിച്ച പാറശാല പോലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തി. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു. പ്രതിഷേധം ശക്തമായതോടെ പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഗ്രീഷ്മ കുറ്റസമ്മതം നടത്തുകയായിരുന്നു.

ഷാരോണിന്‍റെ ഉള്ളിൽ ചെന്നത് കാർപ്പിക് എന്ന കളനാശിനിയാണെന്ന ഫൊറൻസിക് ഡോക്ടറുടെ മൊഴിയാണ് നിർണായകമായത്. രണ്ടും മൂന്നും പ്രതികള്‍ പറഞ്ഞതനുസരിച്ച് നടത്തിയ തെരച്ചിലില്‍ വിഷം നൽകിയ കുപ്പി ഉപേക്ഷിച്ച സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഷാരോണ്‍ കേസിന്‍റെ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.