കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയത് സിപിഎം സമ്മേളനങ്ങള്‍ക്ക് വേണ്ടി; ജനങ്ങളെ പരിഹസിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, January 21, 2022

കൊച്ചി : സിപിഎം സമ്മേളനങ്ങൾക്ക് വേണ്ടി കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎം നേതാക്കള്‍ രോഗവാഹകരായി കൊവിഡ് പരത്തുകയാണ്. ഇവരാണ് മരണത്തിന്‍റെ വ്യാപാരികൾ എന്നും അദ്ദേഹം പറഞ്ഞു.

ടിപിആർ വളരെ കൂടുതലായിരുന്നിട്ടും ഇന്ന് സമ്മേളനം നടക്കുന്ന കാസർഗോഡ്, തൃശൂർ ജില്ലകളെ ഒരു കാറ്റഗറിയിലും ഉൾപ്പെടുത്തിയിട്ടില്ല. ഏതുവിധേനയും സമ്മേളനം നടത്തുമെന്ന വാശിയിൽ സിപിഎം നേതാക്കൾ രോഗവാഹകരാവുകയാണെന്നും സതീശൻ പറഞ്ഞു. പാർട്ടിക്ക് വേണ്ടി കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ നിരീക്ഷണത്തിൽ പോവാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നിന്ന് കൊവിഡ് ബാധിച്ച നേതാക്കൻമാർ മറ്റു ജില്ലകളിൽ പോയി രോഗം പരത്തുകയാണ്. അഞ്ചുപേർ കൂടിയതിന് കോൺഗ്രസ് സമരത്തിനെതിരെ കേസെടുത്ത സർക്കാരാണിത്. സിപിഎമ്മിനും സാധാരണക്കാർക്കും വ്യത്യസ്ത മാനദണ്ഡമാണ് കൊവിഡിന്‍റെ കാര്യത്തിലുള്ളതെന്നും സതീശൻ പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് നിശ്ചലമാണ്. ആരോഗ്യ മന്ത്രി നോക്കുകുത്തിയായിരിക്കുന്നു. എകെജി സെന്‍ററിൽ നിന്നുള്ള നിർദേശപ്രകാരമാണ് വകുപ്പിലെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും വി.ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു.