മന്‍മോഹന്‍സിംഗിനെ അപമാനിച്ച് മോദി പ്രതികാരം ചെയ്യുന്നു; ആനുകൂല്യങ്ങളും ജീവനക്കാരെയും വെട്ടിച്ചുരുക്കി

Jaihind Webdesk
Tuesday, June 11, 2019

Dr. Manmohan Singh and PM Narendra Modi

ന്യൂഡല്‍ഹി: തെറ്റായ സാമ്പത്തിക നയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച രാജ്യത്തെ കടക്കെണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനം നടത്തിയ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ അപമാനിച്ചും പ്രതികാരം ചെയ്തും മോദി. മോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടി ആസൂത്രിത കൊള്ളയും നിയമാനുസൃത പിടിച്ചുപറിയുമാണെന്ന് (ഓര്‍ഗനൈസ്ഡ് ലൂട്ട് ആന്‍ഡ് ലീഗലൈസ്ഡ് പ്ലന്‍ഡര്‍) പാര്‍ലമെന്റില്‍ ആഞ്ഞടിച്ച മുന്‍ പ്രധാനമന്ത്രിക്കുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ വെട്ടിയൊതുക്കിയാണു വീണ്ടും അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന്റെ പ്രതികാരം. ലോകം ബഹുമാനിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ പിതാവിനാണ് ഇത്തരമൊരു അവഹേളനം ഏറ്റുവാങ്ങേണ്ടി വരുന്നത്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് മരണം വരെ നല്‍കിയ കാബിനറ്റ് മന്ത്രിമാര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങളാണ് മന്‍മോഹന്‍ സിംഗിന് നിഷേധിച്ചത്. വിമാനയാത്ര, മെഡിക്കല്‍ അലവന്‍സ്, പ്രൈവറ്റ് സെക്രട്ടറി അടക്കം 14 പേരുടെ പേഴ്‌സണല്‍ സ്റ്റാഫ്, ഔദ്യോഗിക വസതി എന്നിവ അടക്കം കാബിനറ്റ് മന്ത്രിമാര്‍ക്കുള്ള ആനുകൂല്യങ്ങളാണു മുന്‍ പ്രധാനമന്ത്രിക്കു നല്‍കിവന്നിരുന്നത്. എന്നാല്‍, ഇനിമുതല്‍ മന്‍മോഹന്‍ സിംഗിന് ഏറ്റവും താഴത്തെ തട്ടിലുള്ള രണ്ടു പേഴ്‌സണല്‍ സഹായിമാരും മൂന്നു പ്യൂണ്‍മാരും അടക്കം അഞ്ചു സ്റ്റാഫിനെ മാത്രമാണു കേന്ദ്രം അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള സ്റ്റാഫ് അംഗങ്ങളെയും മറ്റ് അനുകൂല്യങ്ങളും തുടരാന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച്ച് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. എന്നാല്‍ കാബിനറ്റ് മന്ത്രിയുടെ പദവിയിലുള്ള സ്റ്റാഫും അനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക തീരുമാനം അറിയിച്ചുകഴിഞ്ഞു. മോദിയുടെ സാമ്പത്തിക നയങ്ങളെ പാര്‍ലമെന്റിലും പുറത്തും രൂക്ഷമായി വിമര്‍ശിച്ചതിനാണ് ഈ പ്രതികാര നടപടികളെന്നാണു വിലയിരുത്തല്‍.

രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ക്കുള്ളതുപോലെ സുരക്ഷാ കാര്യങ്ങള്‍ അടക്കമുള്ളവ പരിഗണിച്ച് മുന്‍ പ്രധാനമന്ത്രിമാര്‍ക്കു കൂടി കാബിനറ്റ് മന്ത്രിമാര്‍ക്കുള്ള പദവിയും ആനുകൂല്യങ്ങളും നല്‍കി വന്നിരുന്നത്. ചട്ടപ്രകാരം അനുവദിക്കുന്ന പദവിയും ആനുകൂല്യങ്ങളുമെല്ലാം നരസിംഹ റാവു മുതല്‍ വാജ്‌പേയി വരെയുള്ള മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് അവരുടെ മരണംവരെ നല്‍കിയിരുന്നു. ബി.ജെ.പിയുടെ നേതാവായിരുന്ന വാജ്‌പേയിക്ക് മറവിരോഗം ബാധിച്ച് അപേക്ഷ അയയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെങ്കിലും, പിന്നീട് പത്തുവര്‍ഷക്കാലം അധികാരത്തിലിരുന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും മുഴുവന്‍ സ്റ്റാഫ് അംഗങ്ങളെയും അദ്ദേഹത്തിന്റെ മരണം വരെ തടസ്സമില്ലാതെ അനുവദിച്ചിരുന്നു. വാജ്‌പേയിയുടെ ഓഫീസിന്റെ അപേക്ഷയനുസരിച്ച് 14നു പകരം 12 സ്റ്റാഫിനെയാണു അവസാനം വരെ സര്‍ക്കാര്‍ ചെലവില്‍ നല്‍കിയിരുന്നത്. മുന്‍ പ്രധാനമന്ത്രിയോടുള്ള ബഹുമാനമെന്ന നിലയിലും സുരക്ഷയും കണക്കിലെടുത്തു നല്‍കിവരുന്ന ഈ ആനുകൂല്യമാണു മന്‍മോഹന് പ്രതികാരമെന്നോണം മോദി നിഷേധിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിഷേധാത്മക നിലപാടിനെത്തുടര്‍ന്ന് സ്വന്തം പ്രൈവറ്റ് സെക്രട്ടറിയെ പോലും തുടര്‍ന്നു നിയമിക്കാന്‍ മന്‍മോഹന്‍ സിംഗിനു കഴിയാത്ത നിലയാണുള്ളത്. നിലവിലുള്ള 14 സ്റ്റാഫിനു പകരം ഇനി മൂന്നു പ്യൂണ്‍, രണ്ടു പിഎ എന്നിവരെ മാത്രമേ അനുവദിക്കാനാകൂ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം രേഖാമൂലം മന്‍മോഹന്‍ സിംഗിനെ അറിയിച്ചു. ഇനി എംപിയായി തുടരാനായാല്‍ താഴ്ന്ന ഗ്രേഡിലുള്ള ഒരാളെ സെക്രട്ടറിയായി നിയമിക്കാന്‍ മാത്രമേ മന്‍മോഹന്‍ സിംഗിനു കഴിയൂ.