ടി.പി കേസ് അന്വേഷിക്കാൻ സിബിഐ തയാറായില്ല; പിന്നിൽ ബിജെപി-സിപിഎം ബന്ധം: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, July 16, 2022

 

കോഴിക്കോട്: യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ടി.പി വധക്കേസ് അന്വേഷണം വഴിമുട്ടിയത് മൊബൈൽ ഫോൺ പ്രൊവൈഡേഴ്സ് വിവരം തരാൻ കഴിയില്ലെന്ന് പറഞ്ഞതിനാലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടി സർക്കാർ ടി.പി വധക്കേസിൽ, സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതാണ്. സിപിഎമ്മും ബിജെപിയും ചേർന്ന് കേസ് അട്ടിമറിക്കുകയായിരുന്നു. ടി.പി കേസ് അന്വേഷിക്കാൻ സിബിഐ തയാറായില്ല. ഇതിന് പിന്നിൽ ബിജെപി-സിപിഎം ബന്ധമാണെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

ടി.പി ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഎമ്മിന് പക തീരുന്നില്ല. മുഖ്യമന്ത്രിയെങ്കിലും എം.എം മണിയുടെ വാക്കുകൾ തള്ളുമെന്ന് പ്രതീക്ഷിച്ചു. മുഖ്യമന്ത്രി ‘സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ’ എന്ന രമയുടെ പ്രസ്താവന വസ്തുതയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും സ്വേച്ഛാധിപത്യ നിലപാടാണ് രമയ്ക്ക് എതിരായ അവരുടെ പ്രതികരണത്തിൽ പ്രതിഫലിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.