കണ്ണൂരിലെ മലയോര മേഖലയിലെ കർഷകരെ ആശങ്കയിലാഴ്ത്തി കശുമാവുകൾ കരിഞ്ഞുണങ്ങുന്നു; കൊമ്പുണങ്ങൽ രോഗം ബാധിച്ചിരിക്കുന്നത് ഏക്കർ കണക്കിന് തോട്ടങ്ങളെ

Jaihind News Bureau
Thursday, January 23, 2020

കണ്ണൂരിലെ മലയോര മേഖലയിലെ കർഷകരെ ആശങ്കയിലാഴ്ത്തി  കശുമാവുകൾ കരിഞ്ഞുണങ്ങുന്നു. ഏക്കർ കണക്കിന് തോട്ടങ്ങളിലെ കശുമാവുകളാണ് നശിക്കുന്നത്. തേയില കൊതുകിന്‍റെ ആക്രമണമാണ് കശുമാവുകളുടെ നാശത്തിനു കാരണമാകുന്നതെന്ന് സ്ഥലം സന്ദർശിച്ച കാർഷിക വിദഗ്ധർ.

പ്രളയത്തിന് ശേഷം ഏറെ പ്രതീക്ഷയോടെ കശുമാവ് കൃഷിയിയിൽ പ്രതീക്ഷയർപ്പിച്ച കർഷകരാണ് കശുമാവുകൾ കരിഞ്ഞുണങ്ങിയതിനെ തുടർന്ന് ആശങ്കയിൽ ആയിരിക്കുന്നത്. മലയോര ഗ്രാമങ്ങളായ  ഉളിക്കൽ, അയ്യംകുന്ന്, ആറളം, കൊട്ടിയൂർ, ഏരുവേശ്ശി, ആലക്കോട് ,പയ്യാവൂർ പഞ്ചായത്തുകളിലാണ് ഏക്കർ കണക്കിന് കശുമാവിൻ തോട്ടം കരിഞ്ഞുണങ്ങിയത്.  തേയില കൊതുകുകളുടെ ആക്രമണമാണ് കശുമാവുകൾ ഉണങ്ങുന്നതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.

ഇത് കൊമ്പുണങ്ങൽ രോഗം എന്ന പേരിലാണ് അറിയപ്പെടുന്നത്.  പായം പഞ്ചായത്തിൽ മാത്രം പത്ത് ഹെക്ടറോളം സ്ഥലത്താണ് കശുമാവുകൾക്ക് കൊമ്പുണങ്ങൽ രോഗം ബാധിച്ചിരിക്കുന്നത്. കൂടുതലായും ബഡ് ചെയ്ത കശുമാവുകളിലാണ് രോഗം കണ്ടു വരുന്നത്.

തേയില കൊതുകുകളെ പൂർണ്ണമായും നിയന്ത്രിച്ചാൽ മാത്രമേ രോഗബാധയിൽ നിന്നും കശുമാവുകളെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. വർഷങ്ങളായി ടൺ കണക്കിന് കശുവണ്ടികൾ ശേഖരിച്ചിരുന്ന കർഷകർക്ക് നിരാശയും ലക്ഷങ്ങളുടെ ബാധ്യതയുമാണ് ബാക്കിയാക്കിയിരിക്കുന്നത്. രോഗം വ്യാപകമായി ബാധിച്ച പ്രദേശങ്ങൾ കാർഷിക വിദഗ്ധർ സന്ദർശിച്ചു. തേയില കൊതുകുകളെ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

കാർഷിക  മേഖലയിലുണ്ടായ  നാശനഷ്ടത്തിന് പരിഹാരം കാണുന്നതിനായി കൃഷി മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് കർഷകർ.

 

https://youtu.be/xGDhZwaB2f8