ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Jaihind News Bureau
Thursday, October 3, 2019

അരൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എരമല്ലൂർ-ഏഴുപുന്ന റോഡിന്‍റെ നിർമ്മാണം തടസപ്പെടുത്തി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പി.ഡബ്ല്യൂ.ഡി തുറവൂർ എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് എസ്പിയ്ക്ക് പരാതി നൽകിയത്. തുടർന്ന് അരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് രാത്രി സമയത്ത് റോഡ് പണി നടത്തുന്നത് ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ കള്ളക്കേസ്‌ എടുത്തിരിക്കുന്നതെന്നു ഷാനിമോൾ ഉസ്മാൻ. നിയവിരുദ്ധവും ചട്ടലംഘനവുമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഇനിയും ചോദ്യം ചെയ്യുമെന്നും അതിന്‍റെ പേരിൽ ജയിൽവാസം അനുഭവിക്കാൻ തയ്യാണെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

സെപ്റ്റംബര്‍ 27ന് രാത്രി 11 മണിക്ക് ഷാനിമോള്‍ ഉസ്മാനും അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നെത്തി റോഡിന്‍ റെ അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയെന്നാണ് പരാതി. പിഡബ്ല്യുഡി അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറാണ് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിന് അരൂര്‍ പോലീസിന് പരാതി കൈമാറിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് ഷാനിമോള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് ചട്ടം മറികടന്ന് നിര്‍മാണപ്രവര്‍ത്തനം നടത്തിയത് തടയുകയാണ് ഷാനിമോള്‍ ഉസ്മാന്‍ ചെയ്തതെന്നും രാഷ്ട്രീയ പ്രതികാരം മൂലമാണ് കേസെടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

teevandi enkile ennodu para