യുവാവിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; ഒളിവിലായിരുന്ന അയല്‍ക്കാരി പിടിയില്‍

Jaihind Webdesk
Sunday, June 20, 2021

ഇടുക്കി : കുമളി അണക്കരയിൽ യുവാവിന്‍റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഇന്നലെ രാത്രി ഒമ്പത് മണിയോട് കൂടിയാണ് പിടികൂടിയത്. രോഗിയായി അഭിനയിച്ച് ആശുപത്രിയിൽ ഒളിച്ച് കഴിയുകയായിരുന്നു. ഇവരെ ആളുകൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് മുറിക്കുള്ളിൽ അടച്ചിട്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.  അണക്കര ഏഴാംമൈൽ സ്വദേശി മനുവിന്‍റെ കൈപ്പത്തി അയൽവാസിയായ ജോമോൾ വെട്ടിമാറ്റുകയായിരുന്നു. മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കം ഒടുവിൽ കൈവെട്ടിൽ കലാശിക്കുകയായിരുന്നു. ജോമോളിന്‍റെ ഒറ്റവെട്ടിൽ മനുവിന്‍റെ ഇടത് കൈപ്പത്തി അറ്റുവീണു. മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയംപ്രതി സ്ഥിരം പ്രശ്നക്കാരിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ജോമോളും കുടുംബവും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നുവെന്ന് മനുവിന്‍റെ ബന്ധുക്കള്‍ പറയുന്നു.  അയൽക്കാരുമായി എപ്പോഴും കലഹത്തിലാണ്. ജോമോളുടെ ഭർത്താവും അയൽവാസിയെ വെട്ടിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പക്ഷെ ഇവര്‍ക്കെതിരെ കേസ് ഉണ്ടായിട്ടില്ല. ജോമോള്‍ മുമ്പ് തന്‍റെ അച്ഛന്‍റെ കൈ വെട്ടിയിട്ടുണ്ടെന്ന് മനുവിന്‍റെ സുഹൃത്തും ആരോപിക്കുന്നു. ആ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ട് നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.