ശുചീകരണ തൊഴിലാളികളുടെ നിയമനത്തിൽ വ്യാപക ക്രമക്കേട്; കോഴിക്കോട് കോർപറേഷൻ നടപടിക്കെതിരെ ഉദ്യോഗാർത്ഥികൾ കോടതിയിലേയ്ക്ക്

Jaihind News Bureau
Thursday, August 6, 2020

കോഴിക്കോട് കോർപറേഷനിൽ ശുചീകരണ തൊഴിലാളികളുടെ നിയമനത്തിൽ വ്യാപക ക്രമക്കേട്. 65 ഒഴിവുകളിലേക്കും സിപിഎം അനുഭാവികളായ സ്വന്തം ഇഷ്ടക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ചു നിയമിച്ചെന്നാണ് പരാതി. കോർപറേഷൻ നടപടിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ.

കോഴിക്കോട് കോർപറേഷനിലെ കണ്ടിൻജന്‍റ് വർക്കർ തസ്തികയിലെ 81 ഒഴിവുകളിൽ 65 ഒഴിവുകളിലേക്കുള്ള നിയമനമാണ് കഴിഞ്ഞ മാർച്ചിൽ നടന്നത്. എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ നിന്നും നൽകിയ സീനിയോറിറ്റി പട്ടിക അട്ടിമറിച്ചു സിപിഎം അനുഭാവികൾ ആയവർക്കാണ് നിയമനം നൽകിയത്. ഇതിനായി 650 പേരുടെ പട്ടിക എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ നിന്നും നൽകി. പ്രത്യേക യോഗ്യത നിശ്ചയിച്ചിട്ടില്ലാത്ത തസ്തികയിലേക്ക് പ്രായം, എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തതിലെ സീനിയോറിറ്റി എന്നിവയുടെ അടിസ്ഥാനത്തിലുള്ള പട്ടികയാണ് നൽകിയത്. എന്നിട്ടും ഇഷ്ടക്കാർക്കായി മാനദണ്ഡങ്ങൾ ഒഴിവാക്കി നിയമനം നടത്തി.

ഇന്‍റർവ്യൂ എന്ന പേരിൽ കാഠിന്യമേറിയ ജോലികൾ വരെ ചെയ്യിപ്പിച്ച ശേഷം തങ്ങളെ ഒഴിവാക്കുകയായിരുന്നു എന്നും തൊഴിലാളികൾ ആരോപിക്കുന്നു. നിയമനത്തിന് സിപിഎം ഓഫീസിൽ നിന്നും നൽകുന്ന കത്തുമായി എത്തിയവർക്ക് നിയമനം ലഭിച്ചു.

നിയമനം നൽകിയവരെക്കാൾ സീനിയോറിറ്റിയും യോഗ്യതയുമുള്ളവരെ നിസാര കാരണങ്ങൾ പറഞ്ഞു ഒഴിവാക്കി. 30 വയസിൽ കുറഞ്ഞവർക്കും അധികാരികൾ നിയമനം നൽകി. യോഗ്യതയുള്ളവർ പുറത്തു നിൽക്കെയാണ് അനധികൃതമായ ഈ നിയമനം. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.