‘പ്രധാനമന്ത്രിയുമായി എവിടെവെച്ചും സംവാദത്തിന് തയാര്‍, അനില്‍‍ അംബാനിയുടെ വീട് ഒഴികെ’ : രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, May 4, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ മുതല്‍ അഴിമതി വരെയുള്ള ഏത് വിഷയങ്ങളിലും പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച രാഹുല്‍, പക്ഷേ അതിന് വേദിയാകുന്നത് അനില്‍ അംബാനിയുടെ വീടാകരുത് എന്നും പരിഹസിച്ചു.

‘അഴിമതി, തൊഴിലില്ലായ്മ തുടങ്ങി ഏത് വിഷയങ്ങളിലും പ്രധാനമന്ത്രിയെ ഞാന്‍ സംവാദത്തിന് ക്ഷണിച്ചിട്ടുണ്ട്. പത്ത് മിനിട്ട് നല്‍കിയാല്‍ മതി. അദ്ദേഹം പറയുന്ന എവിടെവെച്ചും , സംവാദത്തിന് ഞാന്‍ തയാറാണ്, അനില്‍ അംബാനിയുടെ വീട്ടിലൊഴികെ’ – രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യം ഇപ്പോള്‍ നേരിടുന്ന വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത 2 കോടി തൊഴിലവസരങ്ങള്‍ എവിടെയെന്നാണ് രാജ്യത്തെ യുവാക്കള്‍ ചോദിക്കുന്നത്. തൊഴിലില്ലായ്മയെക്കുറിച്ചോ, കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചോ മോദിക്ക് ഒരു വാക്കുപോലും പറയാനില്ല.

സൈന്യം എന്നത് മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും രാഹുല്‍ ഗാന്ധി സര്‍ജിക്കല്‍ സ്ട്രൈക്ക് പരാമര്‍ശത്തിന് മറുപടിയായി പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങളിലൂടെ സൈന്യത്തെയാണ് മോദി അപമാനിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.