കഫെ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

Jaihind Webdesk
Tuesday, July 30, 2019

‘കഫെ കോഫി ഡേ’ സ്ഥാപകൻ വി.ജി സിദ്ധാർഥയെ കാണാനില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് മംഗലാപുരത്തിന് സമീപം നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിനടുത്ത് വെച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. കാറില്‍ സഞ്ചരിച്ചിരുന്ന സിദ്ധാര്‍ത്ഥ ഈ സ്ഥലത്തിന് സമീപം കാറിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് വിവരം.

സിദ്ധാര്‍ത്ഥ മടങ്ങിയെത്താന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ കാര്‍ ഡ്രൈവര്‍ ഇദ്ദേഹത്തെ കണ്ടെത്താനാകാതെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവും വിദേശകാര്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണയുടെ മരുമകനാണ് സിദ്ധാര്‍ത്ഥ. തുടര്‍ന്ന് സിദ്ധാര്‍ത്ഥയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പോലീസില്‍ പരാതി നല്‍കി. ഇദ്ദേഹത്തിനായി പോലീസ് തെരച്ചിൽ തുടരുകയാണ്. അതേസമയം സാമ്പത്തികബാധ്യത അലട്ടിയിരുന്നു എന്ന് കാട്ടി സിദ്ധാര്‍ത്ഥ മെയില്‍ അയച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

1996 ൽ ബംഗളുരുവിലെ ബ്രിഗേഡ് റോഡിലാണ് സിദ്ധാര്‍ത്ഥ ആദ്യത്തെ ‘കഫെ കോഫി ഡേ’  തുടങ്ങിയത്. തുടർന്ന് വളരെ പെട്ടെന്നാണ് കഫെ കോഫി ഡേ രാജ്യമെമ്പാടും വ്യാപിച്ചത്. കാപ്പിക്കുരു കയറ്റുമതിയിലും പ്രമുഖനാണ് സിദ്ധാര്‍ത്ഥ. എസ്.എം കൃഷ്ണയുടെ മൂത്തമകള്‍ മാളവികയെയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍ മക്കളാണുള്ളത്. സിദ്ധാർഥയുടെ രോഗബാധിതനായ പിതാവ് മൈസൂരുവിലെ ആശുപത്രിയിലാണ്.

സിദ്ധാര്‍ത്ഥ ജീവനക്കാര്‍ക്ക് എഴുതിയ കത്ത്