കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി | Video

Jaihind Webdesk
Wednesday, July 31, 2019

കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളുരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്ന് മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ 6.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 6.30 മുതലാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനാണ് സിദ്ധാർത്ഥ.

നേത്രാവതി നദിക്കരികില്‍ വെച്ചായിരുന്ന സിദ്ധാര്‍ത്ഥയെ കാണാതായത്. മംഗളുരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോള്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പോയ സിദ്ധാര്‍ത്ഥയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ സമീപത്തെല്ലാം നോക്കിയതിന് ശേഷം ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

സിദ്ധാര്‍ത്ഥയുടെ തിരോധാനത്തിന് പിന്നാലെ അദ്ദേഹം ജീവനക്കാര്‍ക്ക് എഴുതിയ കത്ത് പുറത്തുവന്നിരുന്നു. ജൂലായ് 27നാണ് കത്ത് എഴുതിയിരിക്കുന്നത്. സാമ്പ്തതിക ബാധ്യതകളെ കുറിച്ച് കത്തില്‍ പരാമര്‍ശമുണ്ട്. സംരംഭകനെന്ന നിലയില്‍ താന്‍ പരാജയപ്പെട്ടെന്നും സ്ഥാപനത്തെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും കത്തിലുണ്ടായിരുന്നു. ഓഹരി ഉടമകള്‍ അത് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമ്മര്‍ദത്തിലാഴ്ത്തുന്നുണ്ടെന്നും ഇനിയും ഇത് അനുഭവിക്കാന്‍ കഴിയില്ലെന്നും സിദ്ധാര്‍ഥ കത്തില്‍ വ്യക്തമാക്കുന്നു. ആദായ നികുതി വകുപ്പില്‍ നിന്ന് പീഡനങ്ങള്‍ നേരിടേണ്ടി വന്നെന്നും കത്തിലുണ്ട്.

ഈ കത്താണ് സിദ്ധാര്‍ത്ഥയുടേത് ആത്മഹത്യയായേക്കാം എന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ഇതിന് പിന്നാലെ നദിയിലേക്ക് ചാടിയിരിക്കാമെന്ന നിഗമനത്തില്‍ പോലീസ് വിശദമായ തെരച്ചില്‍ ആരംഭിച്ചു. നദിയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, മുങ്ങല്‍ വിദഗ്ധര്‍, മത്സ്യത്തൊഴിലാളികള്‍ എല്ലാവരും ചേര്‍ന്നായിരുന്നു തെരച്ചില്‍ നടത്തിയത്. മത്സ്യത്തൊഴിലാളികളാണ് ഇന്ന് പുലര്‍ച്ചെ 6.30 ഓടെ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തിയത്.