യൂണിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ യൂണിയന്‍ റൂമിലും ഉത്തരക്കടലാസുകള്‍

Jaihind News Bureau
Monday, July 15, 2019

യൂണിവേഴ്‍സിറ്റി കോളേജിലെ വധ ശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെടുത്തതിന് പിന്നാലെ യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിയൻ ഓഫീസിലും ഉത്തരക്കടലാസുകൾ കണ്ടെടുത്തു. കോളേജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറികളായി മാറ്റാനാണ് തീരുമാനമെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് റോൾ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകൾ യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തത്.

യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്‍റും ഉപയോഗിക്കുന്ന ഓഫീസ് മുറിയിൽ നിന്നാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉള്ള ഉത്തരക്കടലാസുകൾ കണ്ടെടുത്തത്. കോളേജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തിയത്. അധ്യാപകന്‍റെ സീലും യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. യൂണിവേഴ്‍സിറ്റി കോളേജിൽ ഉണ്ടായ അക്രമത്തിന്‍റെയും കത്തിക്കുത്തിന്‍റെയും പശ്ചാത്തലത്തിലാണ് യൂണിയൻ മുറി പിടിച്ചെടുക്കാനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചത്.

പരീക്ഷാ നടത്തിപ്പിൽ വീഴ്ച ഉണ്ടായെന്ന് സര്‍വ്വകലാശാല കണ്ടെത്തിയതിന് പിന്നാലെയാണ് കോളേജിനകത്തെ യൂണിയൻ ഓഫീസ് മുറിയിൽ നിന്നും ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെടുക്കുന്നത്. ഇതോടെ പരീക്ഷകളിലും സ്പോർട്സ് ക്വാട്ട സർട്ടിഫിക്കറ്റിലും ശിവരഞ്ജിത്ത് ക്രമക്കേട് നടത്തിയെന്ന് തെളിയുകയാണ്. കഴിഞ്ഞ ദിവസം ഉത്തരങ്ങൾ എഴുതിയതും എഴുതാത്തതുമായ കെട്ട് കണക്കിന് പേപ്പറുകളാണ് ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത്.

ഇതോടെ പരീക്ഷപേപ്പറുകൾ കോളേജിൽ നിന്നും ശിവരഞ്ജിത്ത് പുറത്തേക്ക് കൊണ്ട് പോയെന്നും വ്യക്തമായി. ഇതിൽ കോളേജ് അധികൃതരുടെ സഹായം ഉണ്ടായിട്ടുണ്ടൊയെന്ന കാര്യത്തില്‍ അന്വേഷണം നടത്തും. എന്നാൽ കണ്ടെടുത്ത സീൽ തന്‍റേതല്ലെന്ന് സർവ്വകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ വ്യക്തമാക്കിയതോടെ വിഷയത്തിൽ ദുരൂഹത രൂക്ഷമായി.
വ്യാജസീൽ ഉപയോഗിച്ച് കായിക സർട്ടിഫിക്കറ്റിൽ കൃത്രിമം ഉണ്ടാക്കിയോയെന്ന സംശയവും ബലപ്പെടുകയാണ്.
ബേസ്ബോൾ ചാമ്പ്യൻഷിപ്പിന്‍റെ സർട്ടിഫിക്കറ്റാണ് ശിവരഞ്ജിത്ത് ഹാജരാക്കിയത്. ഈ പശ്ചാത്തലത്തിൽ പിഎസ്‍സിയോട് ഇയാള്‍ സമര്‍പ്പിച്ച സർട്ടിഫിക്കറ്റ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വ്യാജമെന്ന് തെളിഞ്ഞാൽ ശിവരഞ്ജിത്തിനെതിരെ കേസെടുക്കും.